ശ്രീശാന്തിന്റെ വിലക്ക്: ബിസിസിഐയ്ക്ക് സുപ്രീംകോടതി നോട്ടിസ്

By Web DeskFirst Published Feb 5, 2018, 1:03 PM IST
Highlights

ദില്ലി: ക്രിക്കറ്റില്‍ നിന്നുള്ള ആജീവനാന്ത വിലക്ക് നീക്കണമെന്ന  ശ്രീശാന്തിന്റെ ആവശ്യത്തിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാന്‍ സുപ്രീംകോടതി ബിസിസിഐയോട് നിർദ്ദേശിച്ചു.ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷൻ വിനോദ് റായിക്കും കേരള ക്രിക്കറ്റ് അസോസിയേഷനുമാണ് സുപ്രീംകോടതി നോട്ടിസ് അയച്ചത്. ബിസിസിഐയുടെ വിലക്കു ശരിവച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്താണു ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം, ഒത്തുകളി വിവാദത്തിൽ ശ്രീശാന്തിനെതിരെ തെളിവായി ഫോൺ സംഭാഷണമുണ്ടെന്ന് ബിസിസിഐ സുപ്രീംകോടതിയെ അറിയിച്ചു. ശ്രീശാന്തിന് ഏഴു ലക്ഷവും ജിജു ജനാർദ്ദനന് നാലു ലക്ഷവുമായിരുന്നു വാഗ്ദാനമെന്നും ബിസിസിഐ വ്യക്തമാക്കി. ഐപിഎൽ 2013 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ കളിയിൽ ഒത്തുകളി ആരോപിച്ച് ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തപ്പോഴാണു ബിസിസിഐ നടപടിയെടുത്തത്. ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നീട് ആജീവനാന്ത വിലക്കും ശിക്ഷാ നടപടികളും ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

ഇതിനെതിരെ ബിസിസിഐ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സിംഗിൾ ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതോടെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

click me!