Latest Videos

അന്ന് ബിസിസിഐ പ്രതിഫലം വാഗ്‌ദാനം ചെയ്തു; വെളിപ്പെടുത്തലുമായി ബ്രാവോ

By Web TeamFirst Published Nov 17, 2018, 1:23 PM IST
Highlights

ഇന്ത്യന്‍ പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങിയ താരങ്ങള്‍ക്ക് ബിസിസിഐ പണം വാഗ്‌ദാനം ചെയ്തിരുന്നതായി മുന്‍ വിന്‍ഡീസ് നായകന്‍ ഡ്വെയ്ന്‍ ബ്രാവോ. എന്നാല്‍ തങ്ങള്‍ ഇത് സ്വീകരിച്ചില്ലെന്നും ബ്രാവോ പറയുന്നു...

മുംബൈ: വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി കരാര്‍ തര്‍ക്കത്തില്‍ ഇന്ത്യന്‍ പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങിയ താരങ്ങള്‍ക്ക് ബിസിസിഐ പണം വാഗ്‌ദാനം ചെയ്തിരുന്നതായി മുന്‍ നായകന്‍ ഡ്വെയ്ന്‍ ബ്രാവോയുടെ വെളിപ്പെടുത്തല്‍. വിന്‍ഡീസിന്‍റെ ഇന്ത്യന്‍ പര്യടനത്തിനിടെ 2014ല്‍ ഏകദിന മത്സരങ്ങള്‍ക്കിടെയായിരുന്നു കുപ്രസിദ്ധമായ ബഹിഷ്‌കരണത്തിന് വിന്‍ഡീസ് താരങ്ങളൊരുങ്ങിയത്. എന്നാല്‍ ബിസിസിഐ ഇടപെട്ട് താരങ്ങളെ അനുനയിപ്പിക്കുകയായിരുന്നു എന്നാണ് ബ്രാവോ പറയുന്നത്. 

ബിസിസിഐ ചെയര്‍മാന്‍ എന്‍ ശ്രീനിവാസനാണ് അനുനയശ്രമത്തിന് നേതൃത്വം നല്‍കിയത്. ആദ്യ ഏകദിനം കളിക്കാന്‍ ആവശ്യപ്പെട്ട് ഒരു ദിവസം വെളുപ്പിന് മൂന്ന് മണിക്ക് ശ്രീനിവാസന്‍ തനിക്ക് സന്ദേശമയച്ചു. വിന്‍ഡീസ് താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങണമെന്നായിരുന്നു അദേഹത്തിന്‍റെ ആവശ്യം. എന്നാല്‍ ഇക്കാര്യം താരങ്ങളെ അറിയിച്ചെങ്കിലും ഇന്ത്യ വിടാനുള്ള തീരുമാനത്തില്‍ എല്ലാവരും ഉറച്ചുനിന്നു. ഇന്ത്യ വിടാനുള്ള തീരുമാനം കൂട്ടായെടുത്തതാണ്. ഒരു താരമൊഴികെ എല്ലാവരും പേപ്പറില്‍ തനിക്ക് ഒപ്പിട്ടുനല്‍കിയിരുന്നു.   

പരമ്പര പാതിവഴിയില്‍ ഉപേഷിക്കാനുള്ള തീരുമാനം അത്രവേഗം എടുത്തതല്ല. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റും ഡബ്ലുഐപിഎ പ്രസിഡന്‍റുമായി ബന്ധപ്പെടാന്‍ പലകുറി ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് നടക്കാതെ വന്നപ്പോളാണ് ആദ്യ മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് വിന്‍ഡീസ് ബോര്‍ഡിനെ ഭീഷണിപ്പെടുത്തിയത്. എന്നാല്‍ കളിച്ചു, അടുത്ത മത്സരങ്ങളിലും ഇതാവര്‍ത്തിച്ചു. ഒടുവില്‍ നാലാം മത്സരത്തില്‍ ബോര്‍ഡിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കാന്‍ ടീമംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ടോസിനിറങ്ങി- ബ്രാവോ ഓര്‍മ്മിച്ചു. 

എന്നാല്‍ ബിസിസിഐക്ക് കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടു. അവര്‍ തങ്ങളെ പിന്തുണച്ചിരുന്നു. തങ്ങള്‍ക്ക് വരുന്ന നഷ്ടം നികത്താന്‍ ബിസിസിഐ തയ്യാറായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ബിസിസിഐയില്‍ നിന്ന് പ്രതിഫലം ആവശ്യമില്ലായിരുന്നു. വിന്‍ഡീസ് ബോര്‍ഡില്‍ നിന്ന് കരാര്‍ പുതുക്കി ലഭിക്കുകയായിരുന്നു ആവശ്യം. ബിസിസിഐയുടെ പിന്തുണയാണ് പിന്നീട്  തങ്ങളില്‍ പല താരങ്ങള്‍ക്കും പ്രശ്‌നങ്ങളൊന്നുമില്ലാതെ കളി തുടരാന്‍ കരുത്തായതെന്നും ബ്രാവേ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. 

click me!