ഈ കപ്പ് ബ്ലാസ്റ്റേഴ്‌സിന് തന്നെ വേണം...!

By Web DeskFirst Published Dec 16, 2016, 2:18 PM IST
Highlights

സ്വന്തം കാണികളുടെ മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത് ആദ്യ ഐ എസ് എല്‍ കിരീടം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയാണ് എതിരാളികള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദ സൗരവ് ഗാംഗുലിയുടെയും ടീമുകള്‍ ഒരിക്കല്‍ക്കൂടി ഐഎസ്എല്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നു എന്നതും ഈ മല്‍സരത്തെ ശ്രദ്ധേയമാക്കുന്നു. ആദ്യ സീസണിലെ കലാശക്കളിയില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്‌ക്കായിരുന്നു ജയം. എന്നാല്‍ ഇത്തവണ ആര്‍ത്തലയ്‌ക്കുന്ന സ്വന്തം ആരാധകരുടെ മുന്നില്‍ ഒരു മധുരപ്രതികാരത്തിനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സിന് കൈവന്നിരിക്കുന്നത്. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ജയിക്കുമോ? ആരാധകര്‍ ചങ്കിടിപ്പോടെ ഉറ്റുനോക്കുകയാണ്.

ഇത്തവണ ഐ എസ് എല്‍ ആരംഭിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ സമനിലകളുമായി ഉഴറിയ ബ്ലാസ്റ്റേഴ്‌സ് മൂന്നു മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു പോയിന്റുമായി അവസാന സ്ഥാനത്തായിരുന്നു.

എന്നാല്‍ ടീം ഘടനയിലും തന്ത്രങ്ങളിലും കോച്ച് സ്റ്റീവ് കോപ്പല്‍ മാറ്റം വരുത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് ശരിക്കും ബ്ലാസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഐഎസ്എല്‍ മല്‍സരങ്ങള്‍ പാതി പിന്നിട്ടതോടെ ബ്ലാസ്റ്റേഴ്‌സ് കുതിക്കാന്‍ തുടങ്ങി. സ്വന്തം മൈതാനത്ത് ആറു മല്‍സരങ്ങള്‍ തോല്‍വിയറിയാതെ ബ്ലാസ്റ്റേഴ്‌സ് കുതിച്ചു. ഒടുവില്‍ നിര്‍ണായക മല്‍സരങ്ങളില്‍ കരുത്തറിയിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിന് ഇടംനേടിയത്. ടീമിന്റെ ശക്തി-ദൗര്‍ബല്യങ്ങളിലേക്ക് ഒന്ന് നോക്കാം...

ദൗര്‍ബല്യം

നാല്‍പ്പത്തിയൊന്നാം വയസിലും സന്ദീപ് നന്ദി കളത്തിലുണ്ടെങ്കിലും ചില പിഴവുകള്‍ കാരണം അദ്ദേഹം വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ഫൈനലിലെത്തിയ ടീം ആയിട്ടും, ഗോള്‍കീപ്പര്‍മാരുടെ പ്രകടനത്തില്‍ എട്ടാം സ്ഥാനത്ത് മാത്രമാണ് സന്ദീപ് നന്ദി. സെമിയുടെ രണ്ടാം പാദത്തില്‍പ്പോലും നന്ദി വരുത്തിയ പിഴവുകള്‍, ടീമിനെ ഫൈനല്‍ കാണാതെ പുറത്താക്കേണ്ടതായിരുന്നു. ഏതായാലും ഫൈനലില്‍ നന്ദി പിഴവ് വരുത്തരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.

ശക്തി

ആദ്യ സീസണ്‍ മുതല്‍ക്കേ പ്രതിരോധം തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വജ്രായുധം. പ്രതിരോധക്കോട്ടയുടെ ഉരുക്കുബലത്തിലാണ് ആദ്യ സീസണില്‍, ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ വരെ കുതിച്ചെത്തിയത്. ഇത്തവണയും പ്രതിരോധം തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന് മുതല്‍ക്കൂട്ടായത്. ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ട്, ആരോണ്‍ ഹ്യൂഹ്സ്, എന്നിവര്‍ക്കൊപ്പം ഇന്ത്യക്കാരന്‍ സന്ദേശ് ജിംഗന്‍ കൂടി ചേര്‍ന്നതോടെയാണ് എതിര്‍ ആക്രമണനിര ശരിക്കും വെള്ളം കുടിച്ചത്. ഇതുവരെ അഞ്ചു ഗോളുകള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്.

മെച്ചപ്പെടേണ്ടത്

മദ്ധ്യനിരയും മുന്നേറ്റനിരയും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഹൊസുവിന്റെ അഭാവമായിരിക്കും ഫൈനലില്‍ മദ്ധ്യനിരയില്‍ തലവേദന ഉണ്ടാക്കുക. ദിദിയര്‍ കാഡിസോ, അസ്റാക്ക് മഹാമത്, സി കെ വിനീത്, മെഹ്‌താബ് ഹുസൈന്‍ എന്നിവരൊക്കെയാണ് മദ്ധ്യനിരയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. ഹൊസുവിന്റെ അഭാവത്തില്‍ ദിദിയര്‍ കാഡിസോയ്‌ക്കായിരിക്കും മദ്ധ്യനിരയുടെ ചുമതല. കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും ഡെക്കന്‍സ് നാസണ്‍സുമായിരിക്കും ബ്ലാസ്റ്റേഴ്‌സ് ആക്രമണം നയിക്കുക. ഗോള്‍വേട്ടയില്‍ അഞ്ചു ഗോളുകളുമായി മൂന്നാം സ്ഥാനത്തുള്ള സി കെ വിനീതാണ് മുന്നിലുള്ളത്. മൂന്നു ഗോളുകള്‍ മാത്രമാണ് ബെല്‍ഫോര്‍ട്ടിന്റെ ഇതുവരെയുള്ള സമ്പാദ്യം. മലയാളി താരം മുഹമ്മദ് റാഫി, അന്റോണിയ ജെര്‍മന്‍ എന്നിവര്‍ക്കൊന്നും ഇതുവരെ തിളങ്ങാനായിട്ടില്ല. ഇവരൊക്കെ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ മാത്രമെ ബ്ലാസ്റ്റേഴ്‌സിന് കിരീടസാധ്യതയുള്ളുവെന്ന് പറയാം.

ഇന്ത്യന്‍ ഫുട്ബോളില്‍ പുതുവസന്തത്തിന്റെ വിളംബരവുമായാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് 2014ല്‍ തുടക്കമായത്. ഫുട്ബോളിനെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്ക് സ്വന്തമായൊരു ടീമുമായി വന്നത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

പ്രതിരോധത്തിന്റെ മികവില്‍ ബ്ലാസ്റ്റേഴ്‌‌സ് ഫൈനലിലെത്തി. എന്നാല്‍ ഫൈനലില്‍ ഇഞ്ച്വറി ടൈമില്‍ മുഹമ്മദ് റഫീഖ് നേടിയ ഗോള്‍ ബ്ലാസ്റ്റേഴ്സിന്റെയും ആരാധകരുടെ ഇടനെഞ്ച് തകര്‍ത്തുകളഞ്ഞു. രണ്ടാം സീസണില്‍ വെറും മൂന്നു കളികള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത്. ആദ്യ സീസണിലെ റണ്ണറപ്പുകള്‍ രണ്ടാം സീസണില്‍ അവസാന സ്ഥാനമെന്ന നാണക്കേടിന്റെ പടുകുഴിയിലേക്ക് പതിച്ചു. ടീം ഘടനയിലെ പിഴവുകള്‍ പരിഹരിച്ചാണ് മൂന്നാം സീസണിന് ബ്ലാസ്റ്റേഴ്‌സ് എത്തിയത്. തുടക്കം നന്നായില്ലെങ്കിലും ഒടുക്കം ഗംഭീരമാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ആദ്യ സീസണില്‍ കൈവിട്ടുപോയ, കിരീടം അറബിക്കടലിന്റെ റാണിയെ സാക്ഷിനിര്‍ത്തി ബ്ലാസ്റ്റേഴ്‌സ് നേടുമോ? ഈ കപ്പ് ബ്ലാസ്റ്റേഴ്‌സ് തന്നെ നേടണം... കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ജയിക്കണം. ഈ കപ്പ് ബ്ലാസ്റ്റേഴ്‌സ് തന്നെ നേടണം. ജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരെയും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടെയുള്ള ടീം ഉടമകളെയും തൃപ്‌തിപ്പെടുത്തില്ല...

click me!