കൊല്‍ക്കത്തയിൽ "പേസ് പിച്ച്' ഒരുക്കിയതിന് പിന്നില്‍ ഇന്ത്യൻ ടീം!

By Web DeskFirst Published Nov 21, 2017, 7:01 PM IST
Highlights

നാട്ടിൽ ജയിക്കാന്‍ സ്പിന്‍കെണി ഒരുക്കുന്ന പതിവ് ഇന്ത്യ ഉപേക്ഷിക്കുന്നു. കൊൽക്കത്തയിലേത് പോലെ ശ്രീലങ്കയ്ക്കെതിരായ അടുത്ത രണ്ടു ടെസ്റ്റിലും ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചൊരുക്കണമെന്ന്, ഇന്ത്യന്‍ ടീം മാനേജ്മെന്‍റ്
ബിസിസിഐയോട് ആവശ്യപ്പെട്ടു.

ജനുവരിയിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഒരുക്കം നേരത്തെ തുടങ്ങാന്‍ കോലിപ്പട. ശ്രീലങ്കയ്ക്കെതിരെ വെളളിയാഴ്ച നാഗ്പൂരില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റിലും അടുത്ത മാസം രണ്ടിന് ദില്ലിയിൽ തുടങ്ങുന്ന മൂന്നാം ടെസ്റ്റിലും ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനകൂലമായ വിക്കറ്റ് വേണമെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചു.  

ബാറ്റ്സ്മാന്മാര്‍ റൺസ് കണ്ടെത്താന്‍ പ്രയാസപ്പെട്ടാലും പ്രശ്നമില്ലെന്നാണ് രവി ശാസ്ത്രിയുടെയും വിരാട് കോലിയുടെയും  വിലയിരുത്തല്‍. ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ, അടുത്ത സീസണില്‍ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ഇന്ത്യക്ക് ടെസ്റ്റ് പരന്പരകള്‍  കളിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് താരതമ്യേന ദുര്‍ബലരായ ശ്രീലങ്കയ്ക്കെതിരെ നാട്ടിൽ പുതിയ പരീക്ഷണത്തിന് ടീം ഇന്ത്യ സജ്ജരാകുന്നത്.

ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കയെ വിറപ്പിച്ച് വിട്ട ഭുവനേശ്വര്‍ കുമാര്‍ നാഗ്പൂരില്‍ കളിക്കില്ല. വ്യക്തിപരമായ കാരണങങളാല്‍ പിന്മാറിയ ഭുവനേശ്വറിന് പകരം, ഇഷാന്ത് ശര്‍മ്മ ആദ്യ ഇലവനിത്തിയേക്കും. ശിഖര്‍ ധവാന് പകരം മുരളി വിജയാകും രണ്ടാം ടെസ്റ്റിൽ കെ എല്‍ രാഹുവിന്‍റെ ഓപ്പണിംഗ് പങ്കാളി.

click me!