'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' ആയി ചാഹൽ തെരഞ്ഞെടുത്തത് അഭിഷേക് ശര്‍മയെയോ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവിനെയോ ഒന്നുമല്ലെന്നതാണ് ശ്രദ്ധേയം.

മുംബൈ: ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ടൂർണമെന്‍റിലെ മികച്ച താരങ്ങളെ പ്രവചിച്ച് ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ. ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയോ യുവതാരം അഭിഷേക് ശർമ്മയെയോ ഒന്നുമല്ല ചാഹൽ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' ആയി തെര‍ഞ്ഞെടുത്തത്. സ്റ്റാർ സ്പോർട്സിന് നല്‍കിയ അഭിമുഖത്തിലാണ് ചാഹല്‍ ലോകകപ്പിലെ താരത്തെയും മികച്ച ബാറ്ററെയും ബൗളറെയുമെല്ലാം തെരഞ്ഞെടുത്തത്.

ലോകകപ്പിലെ മികച്ച താരവും ബൗളറും ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര ആയിരിക്കുമെന്നാണ് ചാഹലിന്‍റെ പ്രവചനം. 2024 ലോകകപ്പിലും ബുമ്രയായിരുന്നു ലോകകപ്പിലെ താരം. ബുമ്രയുടെ കൃത്യതയും ഫോമും ഇന്ത്യക്ക് കിരീടം നിലനിർത്താൻ അനിവാര്യമാണെന്നും ചാഹൽ പറഞ്ഞു.

അഭിഷേക് ശർമ്മ സിക്സർ കിംഗ്

ബാറ്റര്‍മാരില്‍ ടോപ് സ്കോററാവാന്‍ സാധ്യത ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശർമ്മ തന്നെയാണെന്ന് ചാഹല്‍ പറഞ്ഞു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നതും ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തുന്നതും അഭിഷേക് ആയിരിക്കുമെന്ന് ചാഹൽ പ്രവചിച്ചു. 240 റൺസായിരിക്കും ഇത്തവണത്തെ ഉയർന്ന ടീം ടോട്ടലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പില്‍ പെബ്രുവരി 15ന് കൊളംബോയില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമാണ് താന്‍ കാണാന്‍ കാത്തിരിക്കുന്ന മത്സരമെന്നും ചാഹല്‍ പറഞ്ഞു.

Scroll to load tweet…

ഫെബ്രുവരി 7-നാണ് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പ് ആരംഭിക്കുന്നത്. 2024-ൽ രോഹിത് ശർമ്മയുടെ കീഴിൽ കിരീടം നേടിയ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായാണ് ഇത്തവണ ഇറങ്ങുന്നത്. അന്ന് ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും ചാഹലിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക