റോഡ് ലേവറിലെ ഹർഷാരവത്തിന്റെ ഒത്തനടുക്കിരുന്ന് ആകാശത്തേക്ക് ജോക്കോവിച്ച് നോക്കി, അയാളുടെ പരിശീലക സംഘം കണ്ണീരണിഞ്ഞു. ഒരു അസാധ്യനിമിഷത്തിന് ടെന്നീസ് ലോകം സാക്ഷിയായി

റോളണ്ട് ഗോരോസിലെ റാഫേല്‍ നദാല്‍, റോഡ് ലേവര്‍ അറീനയിലെ നൊവാക്ക് ജോക്കോവിച്ച്.

ദിവസങ്ങള്‍ക്ക് മുൻപാണ് ലോറൻസൊ മുസറ്റിക്ക് മുന്നില്‍ മെല്‍ബണിലെ അധിപന് കാലിടറുന്നത് ടെന്നീസ് ലോകം കണ്ടത്. 39നോട് അടുക്കുന്ന കാലുകള്‍ക്കുള്ള ഒരു ഓർമപ്പെടുത്തലുകൂടിയായിരുന്നു ആ മത്സരമെന്ന് തോന്നി. വിംബിള്‍ഡണിലെ അവസാന അങ്കത്തില്‍ സാക്ഷാല്‍ റോജർ ഫെഡററിന് സംഭവിച്ചത് ആവര്‍ത്തിക്കുമെന്നാണ് കരുതിയത്. പക്ഷേ, മുസറ്റിയുടെ പരുക്ക്, ഓസ്ട്രേലിയൻ ഓപ്പണിലെ ആയുസ് നീട്ടിക്കൊടുക്കുകയായിരുന്നു.

അഞ്ചര മണിക്കൂറോളം നീണ്ട കാര്‍ലോസ് ആല്‍ക്കാരസ് - അലക്‌സാണ്ടർ സ്വരേവ് ക്ലാസിക്ക് പോരിന്റെ അന്തരീക്ഷത്തില്‍ നിന്ന് റോഡ് ലേവര്‍ അറീന പതിയ മുക്തമായിരിക്കുന്നു. സെമി ഫൈനലില്‍ കാത്തിരുന്നത് യാനിക്ക് സിന്നറാണ്, The finest, the future.

നാല് മണിക്കൂര്‍ ഒൻപത് മിനുറ്റോട് അടുക്കുന്നു. യാനിക്ക് സിന്നറിന്റെ ബാക്ക് ഹാൻഡ് റിട്ടേണ്‍ പിഴയ്ക്കുമ്പോള്‍, ജോക്കോവിച്ചിന് പോലും ആ നിമിഷത്തെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. 24 വയസുകാരന്റെ കൈകളുടേയും കാലുകളുടേയും വേഗതയെ മറികടന്നു, പ്രവചനങ്ങളേയും പ്രതീക്ഷകളേയും സമയത്തേയും കീഴടക്കി. ഒരിക്കല്‍ക്കൂടി, നൊവാക്ക് ജോക്കോവിച്ച്.

റോഡ് ലേവറിലെ ഹർഷാരവത്തിന്റെ ഒത്തനടുക്കിരുന്ന് ആകാശത്തേക്ക് ജോക്കോവിച്ച് നോക്കി, അയാളുടെ പരിശീലക സംഘം കണ്ണീരണിയുകയായിരുന്നു. എന്തായിരുന്നു ആ കൊർട്ടില്‍ കണ്ടത്, ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായംകൂടിയ പുരുഷതാരം. അസാധ്യം. മറ്റെന്ത് പറയാനാണ്.

സിന്നറിനായിരുന്നു മുൻതൂക്കം, കഴിഞ്ഞ അഞ്ച് തവണ നേരിട്ടപ്പോഴും ജയം. അഗ്രഷൻ, സർവുകളിലേയും ഗ്രൗണ്ട് സ്ട്രോക്കുകളിലേയും കൃത്യത, സിന്നര്‍ ആദ്യ സെറ്റ് നേടുന്നു. പക്ഷേ, റാലികളിലൂടെ സിന്നറിനെക്കൊണ്ട് പിഴവ് വരുത്തിച്ചായിരുന്നു ജോക്കോവിച്ചിന്റെ തിരിച്ചുവരവ് രണ്ടാം സെറ്റില്‍ കണ്ടത്. സെറ്റുറപ്പിച്ചത് സ്റ്റേറ്റ്മെനെറ് ക്രോസ് കോര്‍ട്ട് ഫോര്‍ഹാൻഡിലൂടെ.

മൂന്നാം സെറ്റില്‍ ജോക്കോവിച്ചിന്റെ ചെറുത്തുനില്‍പ്പുകളെ സിന്നര്‍ അതിജീവിക്കുന്നു. ഒരുതിരിച്ചുവരവിന്റെ സൂചനയൊന്നും നല്‍കുന്നതായിരുന്നില്ല മൂന്നാം സെറ്റിന് ശേഷമുള്ള ജോക്കോവിച്ചിന്റെ ശരീരഭാഷ. മറ്റൊരു സിൻകാരസ് ഫൈനല്‍, അതിനപ്പുറം മറ്റൊന്നും പ്രതീക്ഷകളിലുണ്ടായിരുന്നില്ല. മെല്‍ബണില്‍ അപ്പോഴേക്കും അര്‍ദ്ധരാത്രി പിന്നിട്ടിരുന്നു. മുന്നിലുള്ളത് ഒരു ദുഷ്കര ദൗത്യം തന്നെയാണ്.

നദാലിന്റെ അസാധാരണ ശാരീരിക ക്ഷമതയും മനസാന്നിധ്യവും ഫൈഡററുടെ എഫര്‍ട്ട്ലസ് ഗ്രേസും പെര്‍ഫെക്ഷനും ജോക്കോവിച്ച് കീഴടക്കിയത് അയാളിലെ സെല്‍ഫ് ബിലീഫ് കൊണ്ടായിരുന്നു. I never stopped believing in myself എന്ന് ജോക്കോവിച്ച് തന്റെ കരിയറില്‍ പലകുറി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇതിന്റെ തുട‍ര്‍ച്ചയായിരുന്നു റോഡ് ലേവറില്‍ പിന്നീട് കണ്ടതും. A display of pure intelligence, control and accuracy.

സിന്നറിന് വിന്നറുകള്‍ നേടാനുള്ള സാധ്യതകളെല്ലാം തന്നെ ചെറുത്തു. നാലാം സെറ്റില്‍ തുടക്കത്തിലെ ബ്രേക്ക് നേടുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്നു. അഞ്ചാം സെറ്റിലും ഇത് ആവര്‍ത്തിക്കുകയുണ്ടായി. ബ്രേക്ക് ബാക്ക് ചെയ്യാനുള്ള സിന്നറിന്റെ ശ്രമങ്ങളെല്ലാം ജോക്കോവിച്ച് പരാജയപ്പെടുത്തി.

ഒടുവില്‍ മാച്ച് പോയിന്റിനരികില്‍ നില്‍ക്കെ ഡ്യൂസിലേക്ക് മത്സരം നീണ്ടപ്പോള്‍ ഒരു സീറ്റ് എഡ്‌ജ് ത്രില്ലറിന്റെ എല്ലാ ചേരുവകളും നിറഞ്ഞ് നിന്നിരുന്നു. രണ്ട് പതിറ്റാണ്ടോളമായി സമാനമായ എത്രയെത്ര മത്സരസാഹചര്യങ്ങളെ താണ്ടിയിരിക്കുന്നു. അത് ഒരിക്കല്‍ക്കൂടി ജോക്കോവിച്ച് ആവര്‍ത്തിച്ചെന്ന് മാത്രം. സിന്നറിന് ബ്രേക്ക് നേടാനുള്ള 18 അവസരങ്ങളില്‍ 16 എണ്ണവും ജോക്കോവിച്ച് നിഷേധിച്ചു. വയസ് 38 ആണെന്ന് ഓർക്കേണ്ടതുണ്ട്.

25-ാം ഗ്രാൻഡ് സ്ലാം എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ജോക്കോവിച്ച്. ഞായറാഴ്ച റോഡ് ലേവര്‍ അറീനയില്‍ എതിരാളി ലോക ഒന്നാം നമ്പര്‍ കാര്‍ലോസ് അല്‍കാരസ്. പോയവർഷമാണ് ജോക്കോവിച്ച് പറഞ്ഞുവെച്ചത്, സിന്നറിനേയും അല്‍ക്കാരസിനേയും മറികടക്കുക കഠിനമാണ് എന്ന്. സിന്നറിനെ കീഴടക്കിയ ശേഷം ജോക്കോവിച്ച് ഒരു വാചകം കൂടി അതിനോട് ചേര്‍ത്തുവെച്ചു. കഠിനമാണ്, പക്ഷേ അസാധ്യമാണെന്ന് പറഞ്ഞിട്ടില്ല.

റോളണ്ട് ഗോരോസിലെ റാഫേല്‍ നദാല്‍, റോഡ് ലേവര്‍ അറീനയിലെ നൊവാക്ക് ജോക്കോവിച്ച്. രണ്ടും താണ്ടുക എളുപ്പമല്ല. അല്‍കാരസിന് തന്റെ ശരീരത്തിലെ അവസാന തുള്ളി വിയര്‍പ്പും ഒഴുക്കേണ്ടി വന്നേക്കാം, അവസാന പോയിന്റ് വരെ ജോക്കോവിച്ച് പോരാടും.