യഥാര്‍ഥ നായകനായി നെയ്മര്‍; മഞ്ഞപ്പട സാല്‍വഡോറിനെ മുക്കി

By Web TeamFirst Published Sep 12, 2018, 9:24 AM IST
Highlights

 ലോകകപ്പില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട നെയ്മറുടെ നായക മികവിലാണ് മഞ്ഞപ്പടയുടെ വിജയം. ഒരു ഗോള്‍ നേടുകയും മൂന്നെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത് പിഎസ്ജി താരം വിമര്‍ശകരുടെ വായ് അടപ്പിച്ചു

മേരിലാന്‍ഡ്: യുഎസിനെ കെട്ടുക്കെട്ടിച്ചതിന്‍റെ കരുത്തില്‍ സൗഹൃദ മത്സരത്തിനിറങ്ങിയ മഞ്ഞപ്പട കുഞ്ഞന്മാരായ എല്‍ സാല്‍വഡോറിനെ മുക്കി. എവര്‍ട്ടണ്‍ താരം റിച്ചാര്‍ലിസണിന്‍റെ ഇരട്ട ഗോളിന്‍റെ ബലത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബ്രസീല്‍ ജയിച്ച് കയറിയത്.

മഞ്ഞ ജേഴ്സിയില്‍ ആദ്യമായി ഫസ്റ്റ് ഇലവനില്‍ കളിക്കാനിറങ്ങിയ റിച്ചാര്‍ലിസണ്‍ ആദ്യ പകുതിയുടെ 16-ാം മിനിറ്റിലും രണ്ടാം പകുതിയുടെ 50-ാം മിനിറ്റിലുമാണ് വലചലിപ്പിച്ചത്. ടിറ്റെയുടെ സംഘത്തില്‍ ഇടം നേടാന്‍ താരങ്ങള്‍ മത്സരിക്കുമ്പോള്‍ ലഭിച്ച അവസരം മുതലാക്കുന്ന കളിയാണ് എവര്‍ട്ടണ്‍ താരം നടത്തിയത്.

അഞ്ച് വട്ടം ലോക ചാമ്പ്യന്മാരായ ബ്രസീലിനെതിരെ ഒരു ഘട്ടത്തില്‍ പോലും പിടിച്ച് നില്‍ക്കാന്‍ സാല്‍വഡോറിന് സാധിച്ചില്ല. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ പെനാല്‍റ്റിയിലൂടെ നായകന്‍ നെയ്മര്‍ ബ്രസീലിന് മുന്നിലെത്തിച്ചു.

കളി ചൂട് പിടിക്കുന്നതിന് മുമ്പ് തന്നെ റിച്ചാര്‍ലിസണിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് റഫറി ബ്രസീലിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. 16-മിനിറ്റില്‍ തന്‍റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ എവര്‍ട്ടണ്‍ താരം സ്വന്തമാക്കി.

നെയ്മര്‍ നല്‍കിയ പന്തില്‍ ബോക്സിന് പുറത്ത് നിന്ന് റിച്ചാര്‍ലിസണ്‍ തൊടുത്ത ഷോട്ട് അവിശ്വസനീയമായി വളഞ്ഞ് വല തുളച്ചു. വീണ്ടും ബ്രസീല്‍ മുന്നേറ്റങ്ങളായിരുന്നു കളത്തില്‍. 22-ാം മിനിറ്റില്‍ നെയ്മറിന്‍റെ ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ച് പുറത്തേക്ക് പോയി.

30-ാം മിനിറ്റില്‍ നെയ്മര്‍ വീണ്ടും യഥാര്‍ഥ നായകനായി. ഇടത് വിംഗിലൂടെ എത്തിയ നെയ്മര്‍ ബോക്സിന് തൊട്ട് പുറത്ത് നിന്ന് കുടീഞ്ഞോയ്ക്ക് പന്ത് മറിച്ച് നല്‍കി. സാല്‍വഡോര്‍ ഗോള്‍ കീപ്പറിനെ വെറും കാഴ്ചക്കാരനാക്കി കുടീഞ്ഞോയുടെ ഷോട്ട് വലയുടെ ഇടത് മൂലയില്‍ പതിച്ചു.

മൂന്ന് ഗോളിന് മുന്നിലെത്തിയെങ്കിലും മഞ്ഞപ്പടയുടെ ഗോള്‍ ദാഹം അവസാനിച്ചിരുന്നില്ല. പക്ഷേ, ആദ്യ പകുതിയില്‍ പിന്നീട് പിറന്ന മുന്നേറ്റങ്ങള്‍ ഒന്നും സാല്‍വഡോറിന്‍റെ ഭാഗ്യം കൊണ്ട് ഗോളില്‍ കലാശിച്ചില്ല. 50- മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ തന്‍റെ രണ്ടാം ഗോള്‍ പേരിലെഴുതി.

ബോക്സിനുളളില്‍ പന്ത് ലഭിച്ച എവര്‍ട്ടണ്‍ താരം തന്‍റെ ഇടങ്കാല് കൊണ്ട് വലയിലേക്ക് തൊടുത്ത് വിട്ടു. ടിറ്റെയുടെ ടീം ഇതിന് ശേഷം കളി അല്‍പം പതിയെ ആക്കി.

ഇതോടെ സാല്‍വഡോറിന് ചില മുന്നേറ്റങ്ങള്‍ നടത്താനായെങ്കിലും ഏറെ കാത്തിരിപ്പിന് ശേഷം മഞ്ഞപ്പടയുടെ വല കാക്കാന്‍ അവസരം ലഭിച്ച നെറ്റോയുടെ കരങ്ങളെ അവര്‍ക്ക് ഭേദിക്കാനായില്ല. കളി അവസാന മിനിറ്റില്‍ കാനറികള്‍ സാല്‍വഡോറിന്‍റെ മുറിവുകളില്‍ ഒരു ആണി കൂടെ തറച്ചു.

ഇത്തവണയും അവസരം ഒരുക്കി നല്‍കിയത് നെയ്മര്‍ തന്നെ. സാല്‍വഡോര്‍ പ്രതിരോധത്തിന് മുകളിലൂടെ നെയ്മര്‍ നല്‍കിയ ക്രോസില്‍ കലവെച്ച് മാര്‍ക്കീഞ്ഞോസ് അഞ്ചാം ഗോള്‍ നേടി സ്കോര്‍ പട്ടികയില്‍ ഇടം നേടി.

ലോകകപ്പില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട നെയ്മറുടെ നായക മികവിലാണ് മഞ്ഞപ്പടയുടെ വിജയം. ഒരു ഗോള്‍ നേടുകയും മൂന്നെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത് പിഎസ്ജി താരം വിമര്‍ശകരുടെ വായ് അടപ്പിച്ചു.

മറ്റ് സന്നാഹ മത്സരങ്ങളില്‍ അര്‍ജന്‍റീനയും കൊളംബിയയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. യുഎസ്എ എതിരില്ലാത്ത ഒരു ഗോളിന് മെക്സിക്കോയെ തോല്‍പ്പിച്ചപ്പോള്‍ വെനസ്വേല പനാമയെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഗ്വാട്ടിമാലയ്ക്കെതികെ ഇക്വഡോറും വിജയം കണ്ടു. 

click me!