ബ്രസീല്‍- അര്‍ജന്‍റീന ലാറ്റിനമേരിക്കന്‍ ക്ലാസിക്കോ രാത്രി 11.30ന്

By Web TeamFirst Published Oct 16, 2018, 10:03 PM IST
Highlights

സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ന് മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീലും അര്‍ജന്‍റീനയും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം രാത്രി 11.30ന് സൗദി അറേബ്യയിലെ കിംഗ് അബ്‌ദുള്ള സ്റ്റേഡിയത്തിലാണ് മത്സരം...

ജിദ്ദ: സൗഹൃദം ഒട്ടും പ്രതീക്ഷിക്കാനാവാത്ത സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ന് ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ നേര്‍ക്കുനേര്‍. ഏഷ്യ വേദിയാവുന്ന ലാറ്റിനമേരിക്കന്‍ ക്ലാസിക്കോയില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീലും അര്‍ജന്‍റീനയും ഏറ്റുമുട്ടും. സൗദി അറേബ്യയിലെ കിംഗ് അബ്‌ദുള്ള സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം.

നെയ്മറും കുട്ടീഞ്ഞോയും ജീസസും അടക്കമുള്ള പ്രമുഖരുമായാണ് ബ്രസീല്‍ ഇറങ്ങുന്നത്. തിയാഗോ സില്‍വ, വില്യാന്‍, പൗളീഞ്ഞോ, ഫെര്‍ണാണ്ടീഞ്ഞോ എന്നീ സ്ഥിരം സാന്നിധ്യങ്ങള്‍ ടിറ്റെയുടെ സ്‌ക്വാഡിലില്ല. അതേസമയം താരതമ്യേന താരത്തിളക്കം കുറഞ്ഞ ടീമിനെയാണ് അര്‍ജന്‍റീന അണിനിരത്തുന്നത്. സ്കാലോണി പരിശീലിപ്പിക്കുന്ന അര്‍ജന്‍റീന നിരയിൽ സൂപ്പര്‍താരം മെസി ഇല്ല. സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെന്‍, എയ്‌ഞ്ചല്‍ ഡി മരിയ, മാര്‍ക്കോസ് റോജോ എന്നീ വന്‍താരങ്ങളും ഇന്ന് മൈതാനത്തിറങ്ങില്ല. ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോ ആണ് നായകന്‍. 

ഇറാഖിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്‍റീനയുടെ വരവ്. സൗദിയെ രണ്ട് ഗോളുകള്‍ക്ക് തൂത്തെറിഞ്ഞ് ബ്രസീലും തയ്യാറെടുപ്പ് ഉശാറാക്കി. ഫിഫയുടെ കണക്കനുസരിച്ച് ഇത് 105-ാം തവണയാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍ നേര്‍ക്കുനേര്‍ വരുന്നത്. 40 എണ്ണത്തില്‍ ബ്രസീലും 38 മത്സരങ്ങളില്‍ അര്‍ജന്‍റീനയും വിജയിച്ചു. ഇരുപത്തിയാറ് മത്സരങ്ങള്‍ സമനിലയിലായി. അടുത്ത വര്‍ഷം നടക്കുന്ന കോപ്പ അമേരിക്ക മത്സരങ്ങളുടെ തയ്യാറെടുപ്പാണ് ഇരു ടീമിനും ഇന്നത്തെ മത്സരം. 

click me!