സ്‌മിത്തും വാര്‍ണറും ലോകകപ്പ് കളിക്കുമോ; ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒയുടെ മറുപടി

By Web TeamFirst Published Dec 28, 2018, 9:05 PM IST
Highlights

ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും ലോകകപ്പ് കളിക്കുമോ എന്ന ആകാംക്ഷ ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്. ഇരുവരും കളിച്ച കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയയായിരുന്നു ചാമ്പ്യന്‍മാര്‍.

മെല്‍ബണ്‍: ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും കളിക്കുമോ എന്ന ആകാംക്ഷ ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നേരിടുന്ന വിലക്ക് ലോകകപ്പിന് മുന്‍പ് അവസാനിക്കുമെങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയ കനിഞ്ഞാലേ ഇവര്‍ക്ക് കളിക്കാനാകൂ.

ഇരുവരുടെയും ലോകകപ്പ് പ്രവേശനസാധ്യതകളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്ട്‌സ്. വിദേശ ടി20 ലീഗുകളിലെ പ്രകടനം പരിഗണിച്ചും താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് കെവിന്‍ പറഞ്ഞു. ഏപ്രില്‍ 23നാണ് ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിന്‍റെ പട്ടിക ഐസിസിക്ക് കൈമാറേണ്ട അവസാന തിയതി. ഇതിന് മുന്‍പ് മാര്‍ച്ച് 29ന് സ്‌മിത്തിന്‍റെയും വാര്‍ണറുടെയും വിലക്ക് അവസാനിക്കും.

ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍- ബംഗ്ലാദേശ് പ്രീമിയര്‍ ലീഗുകളില്‍ ഇരു താരങ്ങളും കളിക്കും. സ്‌മിത്ത് പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗിലും പങ്കെടുക്കുന്നുണ്ട്. ടി20 ലീഗുകളില്‍ മികവ് കാട്ടിയാല്‍ ഇരുവര്‍ക്കും ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്താമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

click me!