യൂറോപ്പിന്‍റെ ചക്രവര്‍ത്തിയാകാന്‍ ക്രിസ്റ്റ്യാനോയും സലായും നേര്‍ക്കുനേര്‍

By Web DeskFirst Published May 26, 2018, 12:09 PM IST
Highlights
  • അഞ്ചാം കിരീടത്തിനായി റൊണാള്‍ഡോ, ആദ്യ കിരീടം ലക്ഷ്യമിട്ട് സലാ

കീവ്: ചാമ്പ്യൻസ് ലീഗ് ഫൈനൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും മുഹമ്മദ് സലായുടെയും നേർക്കുനേർ പോരാട്ടംകൂടിയാണ്. ഇവരുടെ സ്കോറിംഗ് മികവിലാണ് റയൽ മാഡ്രിഡും ലിവർപൂളും ഫൈനലിലേക്ക് മുന്നേറിയത്. ഗോൾവേട്ടയിൽ ഒപ്പത്തിനൊപ്പമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും മുഹമ്മദ് സലായും. സീസണിൽ ഇതുവരെ 44 ഗോൾ വീതം ഇരുവരും നേടി. 

ഇതുകൊണ്ടുതന്നെ ചാമ്പ്യൻസ് ലീഗ് കിരീടം ഇംഗ്ലണ്ടിലേക്കോ സ്പെയ്നിലേക്കോ എന്ന് തീരുമാനിക്കുന്നതും ഇവരുടെ ബൂട്ടുകൾ തന്നെയാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ റൊണാൾഡോ നേടിയത് 15 ഗോൾ. സലാ 11 ഗോളും. റൊണാൾഡോ സ്പാനിഷ് ലീഗില്‍ 26 ഗോൾ നേടിയപ്പോൾ സലാ പ്രീമിയർ ലീഗിൽ അടിച്ചുകൂട്ടിയത് 32 ഗോൾ.

ഇന്ന് ജയിച്ചാൽ കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന താരമെന്ന റെക്കോർഡും റൊണാൾഡോയ്ക്ക് സ്വന്തമാവും. ആന്ദ്രേസ് ഇനിയസ്റ്റ, ക്ലാരൻസ് സീഡോർഫ് എന്നിവർക്കൊപ്പം നാല് കിരീടവുമായി നേട്ടം പങ്കിടുകയാണിപ്പോൾ റൊണാൾഡോ. 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ യൂറോപ്യൻ ചാമ്പ്യനായ റൊണാൾഡോ, 2014, 16, 17 വർഷങ്ങളിൽ റയലിനൊപ്പവും കിരീടം സ്വന്തമാക്കി. എന്നാല്‍ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ഈജിപ്ഷ്യൻ താരമായ സലായുടെ ലക്ഷ്യം.

click me!