ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ ജയം. വിരാട് കോലിയുടെയും (93) ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും (56) അർധസെഞ്ചുറികളാണ് 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് കരുത്തായത്.
വഡോദര: ന്യൂസിലൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം. വിരാട് കോലി (93), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (56) എന്നിവരുടെ അർധ സെഞ്ച്വറിയുടെ കരുത്തിലും ശ്രേയസ് അയ്യർ (49), കെ.എല്‍. രാഹുല്‍ (29 നോട്ടൗട്ട്), ഹർഷിത് റാണ (29), രോഹിത് ശർമ (26) എന്നിവരുടെ മികവിലുമായിരുന്നു ഇന്ത്യയുടെ ജയം. സ്കോർ- ന്യൂസിലൻഡ് 50 ഓവറിൽ എട്ടിന് 300, ഇന്ത്യ 49 ഓവറിൽ ആറിന് 306.
മികച്ച ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ രോഹിത് ശർമയും ക്യാപ്റ്റൻ ഗില്ലും 8.4 ഓവറിൽ 39 റൺസ് കൂട്ടിച്ചേർത്തു. 29 പന്തിൽ രണ്ട് സിക്സറുകളുടെയും മൂന്ന് ഫോറിന്റെയും അകമ്പടിയോടെ 26 റൺസെടുത്ത രോഹിത് ശർമയാണ് ആദ്യം പുറത്തായത്. പിന്നാലെ എത്തിയ വിരാട് കോലി മികച്ച ഫോമിലായിരുന്നു. ഇരുവരും സ്കോർ 100 കടത്തി മുന്നേറി. 157ൽ എത്തിയപ്പോൾ ഗിൽ വീണു.
71 പന്തിൽ 56 റൺസാണ് ക്യാപ്റ്റൻ നേടിയത്. ശ്രേയസ് അയ്യരുമൊത്ത് കോലി സ്കോർ മുന്നോട്ട് കൊണ്ടുപോയി. ഇതിനിടെ 50 കടന്ന് സെഞ്ച്വറിയിലേക്ക് കുതിച്ച കോലി 93ൽ വീണു. 91 പന്തില്‍ എട്ട് ഫോറുകളുടെയും ഒരു സിക്സിന്‍റെയും സഹായത്തോടെയാണ് കോലി റണ്‍വേട്ട നടത്തിയത്. എന്നാല്‍, അര്‍ഹിച്ച സെഞ്ച്വറിക്കരികെ പുറത്തായത് ഗ്യാലറിയെ നിശബ്ദമാക്കി. ജാമിസന്റെ പന്തിൽ മിച്ചൽ ബ്രേസ് വെല്ലിന് ക്യാച്ച് നൽകിയായിരുന്നു മടക്കം. മികച്ച ഷോട്ടുകളുമായി തിളങ്ങിയ ശ്രേയസ് മടങ്ങിയെങ്കിലും ഹർഷിത് റാണയും കെഎൽ രാഹുലും വിജയമൊരുക്കി. ശ്രേയസും ജഡേജയും ചെറിയ ഇടവേളയില്‍ പുറത്തായത് ഇന്ത്യന്‍ ക്യാമ്പിലും അങ്കലാപ്പ് സൃഷ്ടിച്ചു. ഇതിനിടെ ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ കിവി ഫീല്‍ഡര്‍മാര്‍ മത്സരം കൈവിട്ടു. വാഷിങ്ടണ്‍ സുന്ദര്‍ ഏഴ് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സിക്സര്‍ പറത്തിയാണ് രാഹുല്‍ മത്സരം ഫിനിഷ് ചെയ്തത്. ന്യൂസിലന്‍ഡ് ബൗളിങ് നിരയില്‍ കെയ്ല്‍ ജാമിസന്‍ 4 വിക്കറ്റ് വീഴ്ത്തി.
