അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി വിരാട് കോലി മാറി, കുമാർ സംഗക്കാരയെയാണ് അദ്ദേഹം മറികടന്നത്. ഇതോടൊപ്പം, സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ഏറ്റവും വേഗത്തിൽ 28,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോലി സ്വന്തമാക്കി.

വഡോദര: അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായി ഇന്ത്യൻ ബാറ്റർ വിരാട് കോലി. ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ 28,016 റൺസ് മറികടന്ന് വിരാട് കോഹ്‌ലി ചരിത്രമെഴുതിയത്. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് ഈ നാഴികക്കല്ല് പിറന്നത്. 42 റൺസായിരുന്നു കോലിക്ക് വേണ്ടിയിരുന്നത്. 664 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 34,357 റൺസുമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സച്ചിനെ മറികടക്കാൻ കോലിക്ക് ഇനി 6000ത്തോളം റൺസ് വേണം. 

എല്ലാ ഫോർമാറ്റുകളിലുമായി സച്ചിൻ 100 സെഞ്ച്വറികളും 164 അർദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. അതോടൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ വേഗത്തിൽ 28000 റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോലി സ്വന്തമാക്കി. സച്ചിൻ ടെണ്ടുൽക്കറിന്റെ പേരിലുണ്ടായിരുന്ന ചരിത്ര നേട്ടമാണ് കോലി നേട്ടം സ്വന്തമാക്കിയത്. സച്ചിൻ ഈ നേട്ടത്തിലേക്കെത്തിയത് 644 ഇന്നിങ്സിലൂടെയാണെങ്കിൽ 624 ഇന്നിങ്സിൽ നിന്നാണ് കോലി ഈ നേട്ടത്തിലെത്തിയത്. 27000 റൺസിൽ നിന്ന് 28000 എന്ന നാഴികക്കല്ലിലേക്കെത്താൻ 30 ഇന്നിങ്സാണ് കോലിക്ക് വേണ്ടി വന്നത്.