റോണോ ഇല്ലാതെയും 'റോയല്‍' ആയി റയല്‍; യൂറോപ്പില്‍ പ്രയാണം തുടങ്ങി

By Web TeamFirst Published Sep 20, 2018, 8:56 AM IST
Highlights

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ അതിന്‍റെ ഒരുവിധ പ്രശ്നങ്ങളുമില്ലാതെ ഇറ്റാലിയന്‍ വമ്പന്മാരായ എസി റോമയെയാണ് സ്പാനിഷ് പട കീഴടക്കിയത്

മാഡ്രിഡ്: മൂന്ന് വട്ടം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി ചരിത്രം സൃഷ്ടിച്ച റയല്‍ മാഡ്രിഡ് വിജയത്തോടെ യൂറോപ്യന്‍ പ്രയാണത്തിന് തുടക്കമിട്ടു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ അതിന്‍റെ ഒരുവിധ പ്രശ്നങ്ങളുമില്ലാതെ ഇറ്റാലിയന്‍ വമ്പന്മാരായ എസി റോമയെയാണ് സ്പാനിഷ് പട കീഴടക്കിയത്.

റോണോ ഇല്ലാതെ യൂറോപ്യന്‍ തട്ടകത്തില്‍ റയല്‍ വിയര്‍ക്കുമെന്ന് കരുതിയവര്‍ക്കെല്ലാം കിടിലന്‍ മറുപടി കൊടുത്ത് റോമയുടെ പോസ്റ്റില്‍ എതിരില്ലാത്ത മൂന്ന് ഗോളുകളാണ് നിലവിലെ ചാമ്പ്യന്മാര്‍ അടിച്ച് കയറ്റിയത്. നാൽപ്പത്തിയഞ്ചാം മിനുട്ടിൽ ഇസ്കോയാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്.

അൻപത്തിയെട്ടാം മിനിട്ടിൽ ഗാരത് ബെയ്ൽ ലീഡുയർത്തി. ഇഞ്ചുറി ടൈമിൽ മരിയാനോ ഡയസ് പട്ടിക പൂർത്തിയാക്കി. ഒരു ഘട്ടത്തിലും തങ്ങളുടെ അപ്രമാദിത്വം കളത്തില്‍ വിട്ടു കൊടുക്കാതെയാണ് റയല്‍ റോമയെ തകര്‍ത്തെറിഞ്ഞത്. ആദ്യ പകുതിയില്‍ തന്നെ അവസരങ്ങള്‍ ഒരുപാട് റയല്‍ മെനഞ്ഞെടുത്തെങ്കിലും ഒന്നാം ഗോള്‍ പിറന്നത് 45-ാം മിനിറ്റിലാണ്.

പെനാല്‍റ്റി ബോക്സിന് തൊട്ട് പുറത്ത് നിന്ന് ഇസ്കോ തൊടുത്ത ഫ്രീകിക്ക് വലയെ ചുംബിക്കുമ്പോള്‍ റോമ ഗോള്‍കീപ്പര്‍ നിസഹായനായിരുന്നു. 58-ാം മിനിറ്റില്‍ ബെയ്‍ലിലൂടെ റയല്‍ വീണ്ടും നിറയൊഴിച്ചു. മെെതാന മധ്യത്ത് നിന്ന് റോമയുടെ പ്രതിരോധ നിരയെ കീറിമുറിച്ച് മോഡ്രിച്ച് നീട്ടി നല്‍കിയ പന്ത് ഓടിയെടുത്ത വെയ്‍ല്‍സ് താരം അനായാസമായി ഗോള്‍ കുറിച്ചു.

കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് റോമയുടെ നെഞ്ച് തകര്‍ത്ത ഗോള്‍ മാരിയാനോ സ്വന്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒളിംപിക് ലയോണ് റയല്‍ വിറ്റ മാരിയാനോ സ്പാനിഷ് ക്ലബ്ബിലേക്കുള്ള രണ്ടാം വരവ് ആഘോഷമാക്കി. മാഴ്സലോ നല്‍കിയ പാസ് കാലിലെടുത്ത് ബോക്സിന് പുറത്ത് നിന്ന് മാരിയാനോ തൊടുക്ക കനത്ത ഷോട്ട് വളഞ്ഞ് വല തുളച്ചു.

അതേസമയം, ചാന്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് വന്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ജയത്തോടെ തുടങ്ങി. യുണൈറ്റഡ് സ്വിസ് ടീമായ യങ് ബോയ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.യുണൈറ്റഡിനായി ക്യാപ്റ്റൻ പോൾ പോഗ്ബ ഇരട്ടഗോൾ നേടി.മുപ്പത്തിയഞ്ചാം മിനിട്ടിലും നാൽപത്തിനാലാം മിനിട്ടിലുമായിരുന്നു പോഗ്ബയുടെ ഗോളുകൾ.

അറുപത്തിയാറാം മിനിട്ടിൽ ഫ്രഞ്ച് താരം ആന്‍റണി മാർഷ്യൽ ഗോൾ പട്ടിക തികച്ചു. മറ്റൊരു മത്സരത്തിൽ ജർമന്‍ ക്ലബ്ബ് ബയേൺ മ്യൂണിക്ക് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പോർച്ചുഗീസ് ടീമായ ബെൻഫിക്കയെ തോൽപിച്ചു. പത്താം മിനുട്ടിൽ ലെവൻജോവ്സ്കിയാണ് ബയേണിനെ മുന്നിലെത്തിച്ചത്. ബയേണിനായി അരങ്ങേറിയ പോർച്ചുഗൽ താരം റെനാറ്റോ സാഞ്ചസ് 54-ാം മിനുട്ടിൽ ലീഡുയർത്തി. 

click me!