
ലിവര്‍പൂള്‍: സെര്‍ബിയന്‍ കുഞ്ഞന്മാരെ തകര്‍ത്ത് ചാമ്പ്യന്‍സ് ലീഗില്‍ കുതിപ്പ് തുടരാനെത്തിയ ലിവര്‍പൂളിന് അപ്രതീക്ഷിത തിരിച്ചടി. ഇംഗ്ലീഷ് കരുത്തരുടെ വമ്പിനെ തകര്‍ത്തെറിഞ്ഞ് റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ് അവിശ്വസനീയ ജയം സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളിനാണ് നിലവിലെ ഫൈനലിസ്റ്റുകളെ സെർബിയൻ ടീം തകർത്തത്.
22,29 മിനുട്ടുകളിൽ മിലൻ പാവ്കോവാണ് റെഡ്സ്റ്റാറിനായി ഗോൾ നേടിയത്. കളിയില്‍ 72 ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും ലിവർപൂളിന് ഗോൾ മടക്കാനായില്ല. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരോട് തോറ്റ ലിവർപൂൾ ആറ് പോയിന്‍റുമായി രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.
അതേസമയം, ഗ്രൂപ്പ് ബിയിലെ വന്‍ ശക്തികളുടെ പോരില്‍ ബാഴ്സലോണയും ഇന്‍റർമിലാനും സമനിലയിൽ പിരിഞ്ഞു. നിശ്ചിത സമയത്ത് ഇരുടീമിനും ഓരോ ഗോൾ വീതം നേടാനേ ആയുള്ളൂ. കളിയിൽ ഉടനീളം ആധിപത്യം കാട്ടിയ ബാഴ്സലോണയ്ക്ക് വേണ്ടി 83-ാം മിനിറ്റിൽ മാൽകമാണ് ഗോളടിച്ചത്.
എന്നാൽ കളി തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കേ ഇന്‍റര്‍ മിലാന് വേണ്ടി ക്യാപ്റ്റൻ മൗറോ ഇകാർഡി സമനില ഗോൾ നേടി. 10 പോയിന്‍റുള്ള ബാഴ്സ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ഇന്‍ററിന് ഏഴ് പോയിന്‍റുണ്ട്. മറ്റൊരു മത്സരത്തിൽ പിഎസ്ജിയും നാപോളിയും തമ്മിലുള്ള പോരാട്ടവും സമനിലയില്‍ അവസാനിച്ചു.
ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ജുവാൻ ബെർണാഡാണ് പിഎസ്ജിക്കായി ഗോൾ നേടിയത്. 63-ാം മിനിറ്റിൽ പ്രതിരോധ താരം തിയാഗോ സിൽവയുടെ പിഴവിന് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിലെത്തിച്ചു ലോറൻസോ ഇൻസൈൻ നാപ്പോളിക്ക് സമനില നൽകി. ഇതോടെ ഗ്രൂപ്പ് സിയിൽ ആറ് പോയിന്‍റുമായി നപോളി ഒന്നാമതെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!