കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ ക്ലബ് വിട്ടു. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിൽ താരം ഒരു വിദേശ ക്ലബ്ബിലേക്ക് മാറിയതായി ബ്ലാസ്റ്റേഴ്‌സ് സ്ഥിരീകരിച്ചു.
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രതിസന്ധി രൂക്ഷമായതിനിടെ കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി. നായകന്‍ അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സ് വിട്ടു. വിദേശ ക്ലബ്ബിന് വായ്പാടിസ്ഥാനത്തില്‍ ലൂണയെ കൈമാറിയതായി ബ്ലാസ്റ്റേഴ്‌സ് സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഏത് ടീമിലേക്കാണ് ലൂണ മാറിയതെന്ന് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കിയിട്ടില്ല. ഇന്തൊനേഷ്യന്‍ ക്ലബ്ബില്‍ താരം ചേരുമെന്നാണ് സൂചന.ഉറുഗ്വേ താരമായ ലൂണയ്ക്ക്2027 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഉണ്ട്. ലൂണയുടെ കൂടുമാറ്റത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തി. കൂടുതല്‍ വിദേശ താരങ്ങള്‍ ഐഎസ്എല്‍ ടീമുകള്‍ വിടുമെന്ന് സൂചനയുണ്ട്.
അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ സീസണിലെ ഐ എസ് എല്‍ രണ്ടോ, മൂന്നോ വേദികളിലായി ഹോം ആന്‍ഡ് എവേ മത്സരങ്ങളായിനടത്താന്‍ തീരുമാനം. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ക്ലബുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തില്‍ എത്തിയത്. ഫെബ്രുവരി അഞ്ചിന് മത്സരങ്ങള്‍ തുടങ്ങാനാണ് ശ്രമം. എ ഐ എഫ് എഫും ഫുട്ബോള്‍ സ്പോര്‍ട്സും തമ്മിലുള്ള സംപ്രേഷണ അവകാശ കരാര്‍ അവസാനിച്ചതോടെയാണ് സെപ്റ്റംബറില്‍ തുടങ്ങേണ്ട ഐ എസ് എല്‍ അനിശ്ചിതത്വത്തില്‍ ആയത്.
ടെണ്ടര്‍ വിളിച്ചെങ്കിലും പുതിയ സ്പോണ്‍സറെ കിട്ടാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ക്ലബുകളും ചേര്‍ന്നാണ് ഈ സീസണില്‍ ലീഗ് നടത്തുക. ലീഗിനെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ 13 ക്ലബ്ബുകളും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വീണ്ടും കത്ത് നല്‍കിയെങ്കിലും ഫെഡറേഷന്റെ ഭാഗത്തു നിന്ന് അനുകൂല മറുപടിയല്ല ലഭിച്ചത്. ഐഎസ്എല്‍ നടത്താന്‍ ക്ലബ്ബുകള്‍ തന്നെ പണം കണ്ടെത്തണമെന്ന സൂചനയാണ് കായികമന്ത്രാലയവും നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് പുതിയ രീതിയില്‍ ഐഎസ്എല്‍ നടത്താന്‍ തീരുമാനമായത്.

