കോപ്പയില്‍ കൊളംബിയയ്‌ക്ക് മൂന്നാം സ്ഥാനം

By Web DeskFirst Published Jun 26, 2016, 6:21 AM IST
Highlights

കോപ്പ അമേരിക്കയില്‍ കൊളംബിയക്ക് മൂന്നാം സ്ഥാനം. ലൂസേഴ്‌സ് ഫൈനലില്‍ ആതിഥേയരായ അമേരിക്കയെ കൊംബിയ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയയുടെ ജയം. കളിയുടെ മുപ്പത്തിയൊന്നാം മിനുട്ടില്‍ കാര്‍ലോസ് ബക്കയാണ്  നിര്‍ണായക ഗോള്‍ നേടിയത്. പെനാല്‍റ്റി ബോക്‌സിനരികില്‍ നിന്ന് ജെയിംസ് റോഡ്രിഗസ് നല്‍കിയ പന്ത് സാന്റിയാഗോ അരിയാസിലേക്ക്. സാന്റിയാഗോ നല്‍കിയ കിടയറ്റ ഹെഡര്‍, പിഴവു വരുത്താതെ, കാര്‍ലോസ് ബക്ക വലയില്‍ എത്തിക്കുകയായിരുന്നു. തുടക്കം മുതല്‍ക്കേ ഗോളിനായി ജെയിംസ് റോഡ്രിഗസും കൂട്ടരും ആര്‍ത്തിരമ്പിയെങ്കിലും അമേരിക്ക പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ മുപ്പത്തിയൊന്നാം മിനിട്ടില്‍ ജെയിംസ് റോഡ്രിഗസില്‍നിന്ന് തുടങ്ങിയ മുന്നേറ്റം തടുക്കാന്‍ അമേരിക്കന്‍ പ്രതിരോധ നിരയ്‌ക്ക് സാധിച്ചില്ല. രണ്ടാം പകുതിയില്‍ കൊളംബിയയും അമേരിക്കയും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇരു ടീമിനും ലക്ഷ്യം കാണാനായില്ല. നല്ല അവസരങ്ങള്‍ ദൃശ്യമായ രണ്ടാം പകുതിയിലെ കളി കാണികള്‍ക്ക് ശരിക്കുമൊരു വിരുന്നായി മാറിയിരുന്നു. ഗോള്‍ നേടാന്‍ അമേരിക്കന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നാട്ടുകാരുടെ മുന്നില്‍ തല കുനിച്ചു മടങ്ങാനായിരുന്നു അവരുടെ വിധി. 2001ന് ശേഷം കോപ്പയില്‍ കൊളംബിയയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 2001ല്‍ കോപ്പ കിരീടം കൊളംബിയയ്‌ക്ക് ആയിരുന്നു.

click me!