Latest Videos

ക്ലോഡിയോ ബ്രാവോ വീരനായകന്‍; പോര്‍ച്ചുഗലിനെ വീഴ്ത്തി ചിലെ ഫൈനലില്‍

By Web DeskFirst Published Jun 29, 2017, 7:19 AM IST
Highlights

മോസ്കോ: ക്ലോഡിയോ ബ്രാവോ ഒരിക്കല്‍ കൂടി ചിലെയുടെ വീരനായകനായി. കോണ്‍ഫഡറേഷന്‍ കപ്പ് ഫുട്ബോളില്‍ പോര്‍ച്ചുഗലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ചിലെ  ഫൈനലിലെത്തി. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിതമായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 നാണ്ചിലെയുടെ ജയം. പോര്‍ച്ചുഗലിന്‍റെ മൂന്ന് കിക്കുകളും ചിലെ ഗോള്‍ കീപ്പര്‍  ക്ലോഡിയോ ബ്രോവോ തട്ടിയകറ്റി.

ചിലിക്കായി അര്‍ടുറോ വിദാല്‍, അരാങ്കീസ്, അലക്‌സിസ് സാഞ്ചസ് എന്നിവര്‍ ലക്ഷ്യം കണ്ടു. റിക്കാര്‍ഡോ ക്യുറെസ്‌മാന്‍, ജോവോ മൗട്ടീഞ്ഞോ, നാനി എന്നിവരുടെ കിക്കുകളാണ് ബ്രാവോ തടുത്തിട്ടത്. പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബ്രാവോയ്‌ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എക്‌സ്ട്രാ ടൈമില്‍ ഫ്രാന്‍സിസ്കോ സില്‍വയെ ബോക്‌സില്‍ വീഴ്‌ത്തിയതിന് ചിലെയ്‌ക്ക് ഉറപ്പായും ലഭിക്കേണ്ടിയിരുന്ന പെനല്‍റ്റി റഫറി നിഷേധിച്ചിരുന്നു. ചിലെ ഗോള്‍ശ്രമം രണ്ടു തവണ പോര്‍ച്ചുഗല്‍ പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തു. കളിയുടെ ആദ്യ പത്തുമിനിട്ടില്‍ ഇരു ടീമുകളും ഗോളിനടുത്തെത്തിയെങ്കിലും പിന്നീട് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല. പിന്നീട് ചീലെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.

ഇന്ന് നടക്കുന്ന ജര്‍മ്മനി മെക്‌സികോ മത്സരത്തിലെ വിജയിയെ കലാശക്കളിയില്‍ ചിലെ നേരിടും. നേരത്തെ രണ്ടുതവണ തുടര്‍ച്ചയായി കോപ അമേരിക്ക ഫൈനലിലെത്തുകയും കിരീടം നേടുകയും ചെയ്ത ചിലെയുടെ തുടര്‍ച്ചയായ മൂന്നാം ഫൈനലാണിത്. ലാറ്റിനമേരിക്കയ്‌ക്ക പുറത്ത് ആദ്യ കിരീടം ലക്ഷ്യമിട്ടാകും ചിലെ ഫൈനലിനിറങ്ങുക.

click me!