ക്രിസ്റ്റിയാനോ റൊണോള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്നു

By Vipin PanappuzhaFirst Published Jun 16, 2017, 8:19 PM IST
Highlights

മാഡ്രിഡ്: ക്രിസ്റ്റിയാനോ റൊണോള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്നു. തന്നെ വിടാതെ പിന്തുടരുന്ന നികുതി വെട്ടിപ്പ് കേസാണ് റയല്‍ വിടാന്‍ റൊണാള്‍ഡോയെ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സ്പാനിഷ് ദിനപത്രമായ മാര്‍സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. റയല്‍ പ്രസിഡന്‍റായ  പെരസിനെയും ക്ലബ് ഡയറക്ടര്‍ ജോസ് എയ്ഞ്ചല്‍ സാഞ്ചസിനെയും ക്ലബ് വിടുന്ന കാര്യം റൊണാള്‍ഡോ അറിയിച്ചുകഴിഞ്ഞതായും മാഴ്‌സ സഥിരീകരിക്കുന്നു. 

റയല്‍ വിടുന്ന റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമയര്‍ ലീഗിലെ തന്റെ പഴയ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കോ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മെനിലേക്കോ മൊണോക്കോയിലേക്കോ ചേക്കേറുമെന്നാണ് കരുതപ്പെടുന്നത്. 180 മില്യണ്‍ യൂറോയാണത്രെ (1200 കോടി രൂപ) റൊണാള്‍ഡോയ്ക്ക് റയല്‍ വിലയിട്ടിരിക്കുന്നത്. ട്രാന്‍സ്ഫര്‍ ഫീസിന് പുറമെ റൊണാള്‍ഡോയുടെ വേതനമടക്കം 400മില്യണ്‍ യൂറോയോളം ടീമിന് ചിലവ് വരുമെന്നാണ് കരുതപ്പെടുന്നത്. 

ആ തുക നല്‍കാന്‍ തയ്യാറാകുന്ന ക്ലബുകള്‍ക്ക് റൊണാള്‍ഡോയെ വിട്ടുനല്‍കാനാണ് റയലിന്‍റെ തീരുമാനം. അതെസമയം റയലുമായുളള റൊണാള്‍ഡോയുടെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനും ക്ലബ് ശ്രമിക്കുന്നുണ്ട. നികുതി വെട്ടിപ്പ് കേസില്‍ ക്ലബില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്നതാണ് റൊണാള്‍ഡോയുടെ പരാതി. ഇത് പരിഹരിക്കാനാണ് റയല്‍ അധികൃതരുടെ ഇപ്പോഴത്തെ ശ്രമം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ 14.7 ദശലക്ഷം യൂറോയുടെ (ഏകദേശം 106 കോടി രൂപ) നികുതി വെട്ടിപ്പു കേസ് ആണ് ഇപ്പോള്‍ നിലവിലുളളത്. 2011-14 കാലയളവില്‍ നാലു കേസുകളിലായി റൊണാള്‍ഡോ ഇത്രയും തുക വെട്ടിച്ചെന്നാണു കേസ്. 2010ല്‍ രണ്ടു കമ്പനി മാതൃകകള്‍ക്കു രൂപം നല്‍കി വരുമാനം മറച്ചുവയ്ക്കാന്‍ റൊണാള്‍ഡോ ശ്രമിച്ചെന്നു മഡ്രിഡിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

click me!