
ജൊഹന്നസ്ബര്‍ഗ്: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസര്‍മാരുടെ നിരയിലാണ് ദക്ഷിണാഫ്രിക്കന്‍ എക്‌സ്‌പ്രസ് ഡെയ്‌ല്‍ സ്റ്റെയിന്‍റെ സ്ഥാനം. എന്നാല്‍ തീപാറും പന്തുകൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന താരത്തിന്‍റെ ശ്രദ്ധ പതിഞ്ഞ ഒരു ഇന്ത്യന്‍ ബൗളറുണ്ട്. പേസര്‍ ഇശാന്ത് ശര്‍മ്മയുടെ കടുത്ത ആരാധകനാണ് താന്‍ എന്ന് ബിസിസിഐ ടിവിയോട് ദക്ഷിണാഫ്രിക്കന്‍ താരം വെളിപ്പെടുത്തി.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സില്‍ ഒരുമിച്ച് കളിച്ചിരുന്ന സമയത്ത് ഇശാന്തിന്‍റെ പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇശാന്ത് നിര്‍ഭാഗ്യവാനായ പേസറാണെന്നാണ് തോന്നിയിട്ടുള്ളത്. ഇന്ത്യ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നത് സ്വന്തം മണ്ണിലാണ്. ഇന്ത്യയുടെ പിച്ചുകള്‍ ഒരിക്കലും പേസര്‍മാര്‍ക്ക് ആനുകൂല്യം നല്‍കുന്നില്ല. ഇന്ത്യ സ്‌പിന്നര്‍മാരെ ആശ്രയിച്ചാണ് എക്കാലത്തും കളിക്കുന്നത്. ഇംഗ്ലണ്ട് പോലുള്ളയിടങ്ങളില്‍ പര്യടനങ്ങള്‍ക്ക് പോകുമ്പോള്‍ മാത്രമാണ് പേസര്‍മാരുടെ ഫിറ്റ്‌നസ് ടീമിന് ആവശ്യമുള്ളത്. കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനായത് ഇശാന്തിന് നല്ല തയ്യാറെടുപ്പായി. ഇശാന്ത് മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കന്‍ പേസര്‍ പറഞ്ഞു.
ഇംഗ്ലീഷ് ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോമിലാണ് ഇശാന്ത് ശര്‍മ്മ. നാല് മത്സരങ്ങളില്‍ 15 വിക്കറ്റുകള്‍ താരം വീഴ്‌ത്തിയിരുന്നു. എഡ്ജ്‌ബാസ്റ്റണ്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് ഇതില്‍ മികച്ച പ്രകടനം. ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് കൗണ്ടി ക്രിക്കറ്റില്‍ സസെക്‌സിനായും മികച്ച പ്രകടനം ഇന്ത്യന്‍ പേസര്‍ക്ക് പുറത്തെടുക്കാനായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!