ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സഞ്ജു സാംസണ്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിച്ച് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. 

കൊല്‍ക്കത്ത: 2026 ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ സഞ്ജു സാംസണ്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. സഞ്ജുവിന്റെ ബാറ്റിംഗ്, ഇതിഹാസ താരം വിരാട് കോലിയുടെ ഇന്നിംഗ്‌സുകളെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പഠാന്‍ അഭിപ്രായപ്പെട്ടു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സൂപ്പര്‍ 8 പോരാട്ടത്തില്‍, 196 റണ്‍സ് എന്ന വലിയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ചേസ് മാസ്റ്റര്‍

സമ്മര്‍ദ്ദഘട്ടത്തില്‍ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്നതില്‍ സഞ്ജു മാസ്റ്റര്‍ക്ലാസ് പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പത്താന്‍ പറഞ്ഞു. സഞ്ജുവിന്റെ കായികക്ഷമതയെയും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു... ''തന്റെ കഴിവിനോട് സഞ്ജു സാംസണ്‍ പൂര്‍ണ്ണമായും നീതി പുലര്‍ത്തി. വിജയത്തിന് ശേഷം മൈതാനത്തിരുന്ന് ദൈവത്തിന് നന്ദി പറഞ്ഞ ആ നിമിഷം അദ്ദേഹം എത്രമാത്രം നന്ദിയുള്ളവനാണെന്ന് കാണിച്ചുതന്നു. 20 ഓവര്‍ വിക്കറ്റ് കീപ്പിംഗ് ചെയ്ത ശേഷം, വീണ്ടും 20 ഓവര്‍ ബാറ്റ് ചെയ്യുക എന്നത് അദ്ദേഹത്തിന്റെ മികച്ച ഫിറ്റ്‌നസിന്റെ തെളിവാണ്. വിരാട് കോലിയെപ്പോലെയുള്ള മഹാനായ കളിക്കാര്‍ മുമ്പ് കളിച്ചിട്ടുള്ള അവിശ്വസനീയമായ ഇന്നിംഗ്‌സുകളെ ഓര്‍മിപ്പിക്കുന്ന പ്രകടനം.'' പത്താന്‍ പറഞ്ഞു.

വിരാട് കോലിയുടെയും സഞ്ജുവിന്റെയും ശൈലികള്‍ തമ്മിലുള്ള വ്യത്യാസവും പത്താന്‍ ചൂണ്ടിക്കാട്ടി. സഞ്ജു കൂടുതല്‍ റിസ്‌ക് എടുക്കുന്ന താരമാണെന്നും അതിനാല്‍ തന്നെ ഇത്രയും വലിയൊരു ഇന്നിംഗ്‌സ് നിയന്ത്രിച്ചു കളിക്കുക എന്നത് സഞ്ജുവിനെ സംബന്ധിച്ച് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഞ്ജുവിന് അവസരം ലഭിക്കാത്തപ്പോള്‍ ആരാധകര്‍ ഉയര്‍ത്താറുള്ള 'ജസ്റ്റിസ് ഫോര്‍ സഞ്ജു' എന്ന ഹാഷ്ടാഗിനെയും പത്താന്‍ പരാമര്‍ശിച്ചു.

'ജസ്റ്റിസ് ഫോര്‍ സഞ്ജു' എന്ന് ഇനി പറയേണ്ടതില്ല, മറിച്ച് ഇത് സഞ്ജു നടപ്പാക്കിയ നീതിയാണെന്നും പത്താന്‍. ''വരും കാലങ്ങളില്‍ ഈ ലോകകപ്പിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സഞ്ജുവിന്റെ ഈ ഇന്നിംഗ്‌സ് ഒരു കഥയായി പറയപ്പെടും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് സെമിഫൈനലില്‍ എത്താന്‍ ആരെങ്കിലും ഒരാള്‍ പ്രത്യേകമായി എന്തെങ്കിലും ചെയ്യേണ്ടിയിരുന്നു. സഞ്ജു അത് കൃത്യമായി ചെയ്തു.'' പത്താന്‍ കൂട്ടിചേര്‍ത്തു.

12 ഫോറുകളും 4 സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. നാല് പന്ത് ബാക്കിനില്‍ക്കെയാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റണ്‍ ചേസുകളില്‍ ഒന്നായി ഇത് അടയാളപ്പെടുത്തപ്പെടുമെന്ന് പഠാന്‍ വ്യക്തമാക്കി.

YouTube video player