
സെഞ്ചൂറിയൻ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നിര്‍ണായകമായ മൂന്നാം ടെസ്റ്റ് നാളെ തുടങ്ങുമ്പോള്‍ പാക്കിസ്ഥാന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനും തുടക്കമാകുകയാണ്. ഏറെക്കാലത്തിന് ശേഷമാണ് പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പോരാട്ടത്തിനിറങ്ങുന്നത്. പാക്കിസ്ഥാന്‍റെ ബാറ്റിംഗ് കരുത്തും ആഫ്രിക്കന്‍ ടീമിന്‍റെ ബൗളിംഗും തമ്മിലാകും ഏറ്റുമുട്ടലെന്നാണ് വിലയിരുത്തലുകള്‍.
ലോകത്തെ ഏറ്റവും മികച്ച ആക്രമണ നിരയാണ് ദക്ഷിണാഫ്രിക്കയുടേത്. പരിക്കില്‍ നിന്ന് വിമുക്തനായി കളത്തിലേക്ക് തിരിച്ചെത്തിയ ഡെയ്ല്‍ സ്റ്റെയിനിനെയും ലോക ഒന്നാം നമ്പര്‍ ബൗളര്‍ കഗിസോ റബാഡയെയും നേരിടുക കടുത്ത വെല്ലുവിളിയാകും. സ്റ്റെയിനാകട്ടെ ചരിത്രത്തിലെ ഏറ്റവും മികച്ച ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കൂടിയാണ് പന്തെറിയുക.
ചരിത്രം കുറിക്കാന്‍ കേവലം ഒരു വിക്കറ്റ് മാത്രമാണ് സ്റ്റെയിനിന് വേണ്ടത്. നിലവില്‍ മുന്‍ നായകന്‍ ഷോണ്‍ പൊള്ളോക്കിനൊപ്പം റെക്കോർഡ് പങ്കിടുകയാണ്. ഇരുവര്‍ക്കും 421 വിക്കറ്റ് വീതമാണ് ഉള്ളത്. 108 ടെസ്റ്റുകളില്‍ നിന്നാണ് പൊള്ളോക്ക് നേട്ടത്തിലെത്തിയതെങ്കില്‍ സ്റ്റെയിനിന് കേവലം 88 ടെസ്റ്റുകളാണ് വേണ്ടിവന്നത്.
വിക്കറ്റ് വേട്ടയുടെ കാര്യത്തില്‍ ലോകത്തെ പതിനൊന്നാമന്‍ കൂടിയാണ് സ്റ്റെയിന്‍. 133 മത്സരങ്ങളില്‍ നിന്ന് 800 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ ഒന്നാമന്‍. നിലവില്‍ കളിക്കുന്ന താരങ്ങളുടെ കാര്യം പരിശോധിച്ചാല്‍ ഇംഗ്ലിഷ് പേസര്‍മാരായ ആന്‍ഡേഴ്സണും ബ്രോഡും മാത്രമാണ് സ്റ്റെയിന് മുന്നിലുള്ളത്.
ബോക്സിങ്ങ് ഡേ യില്‍ തന്നെ സ്റ്റെയിന്‍ റെക്കോര്‍ഡ് സ്വന്തമാക്കുമോയെന്നാണ് അറിയാനുള്ളത്. ബോക്സിംങ്ങ് ഡേയില്‍ ഓസ്ട്രേലിയ ഇന്ത്യയെ നേരിടുമ്പോള്‍ ന്യൂസിലാന്‍ഡിന്‍റെ എതിരാളികള്‍ ശ്രീലങ്കയാണ്. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ എല്ലാ വര്‍ഷവും ബോക്സിംങ്ങ് ഡേ യില്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!