'ബോക്സിങ്ങ് ഡേ'യും ക്രിക്കറ്റും തമ്മിലെന്ത്..?

By Babu RamachandranFirst Published Dec 25, 2018, 1:12 PM IST
Highlights

ദക്ഷിണാർദ്ധഗോളത്തിലെ സകല ക്രിക്കറ്റ് ഭ്രാന്തന്മാരും ആവേശത്തോടെ ഉറ്റുനോക്കുന്ന ഒരു സുപ്രധാന ദിനമാണത്. അന്നാണ് ഓസ്‌ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ക്ലബ്ബിൽ(MCG ) സുപ്രസിദ്ധമായ ബോക്സിങ്ങ് ഡേ ടെസ്റ്റ് മത്സരം തുടങ്ങുന്നത്.

ഡിസംബർ 26 - ലോക ബോക്സിങ്ങ് ദിനം.  ലോകമെമ്പാടും ക്രിസ്മസിന്റെ അടുത്തദിവസമാണ്  ബോക്സിങ്ങ് ഡേ ആയി ആഘോഷിക്കുന്നത്.  ബോക്സിങ്ങ്ഡേയുടെ ഉത്ഭവം ഇംഗ്ലണ്ടിലാണ്.  ബ്രിട്ടന്റെ കോളനിഭരണം നിലവിലുണ്ടായിരുന്ന പല രാജ്യങ്ങളും ഇതേ ആഘോഷം പിന്തുടരുന്നുണ്ട്. അക്കാലത്ത് ക്രിസ്മസ് വരെ എല്ലുമുറിയെ പണിചെയ്തിരുന്ന പോസ്റ്റുമാൻമാർക്കും, ഡെലിവറി ബോയ്സിനും, കൂലിപ്പണിക്കാർക്കും, വീട്ടുവേലക്കാർക്കുമൊക്കെ അക്കൊല്ലത്തെ അവരുടെ അശ്രാന്തപരിശ്രമങ്ങൾക്കുള്ള പ്രതിഫലമെന്നോണം  ഒരു ക്രിസ്മസ് 'ബോക്സ്' നിറയെ സമ്മാനങ്ങൾ നൽകപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഈ 'ബോക്സിങ്ങ് ഡേ' എന്ന പ്രയോഗം വരുന്നത്.

പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ ആ ദിവസത്തിന് ബോക്സിങ്ങ് എന്ന കായികയിനവുമായി യാതൊരു ബന്ധവുമില്ല. അതിന് ആകെ ബന്ധമുള്ള ഒരു സ്പോർട്സ് ഇനം ക്രിക്കറ്റാണ്. ദക്ഷിണാർദ്ധഗോളത്തിലെ സകല ക്രിക്കറ്റ് ഭ്രാന്തന്മാരും ആവേശത്തോടെ ഉറ്റുനോക്കുന്ന ഒരു സുപ്രധാന ദിനമാണത്. അന്നാണ് ഓസ്‌ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ക്ലബ്ബിൽ(MCG ) സുപ്രസിദ്ധമായ ബോക്സിങ്ങ് ഡേ ടെസ്റ്റ് മത്സരം തുടങ്ങുന്നത്.

ആതിഥേയരായ ഓസ്ട്രേലിയ എം.സി.ജി. സ്റ്റേഡിയത്തിൽ വെച്ച്  സന്ദർശനത്തിനെത്തുന്ന മറ്റൊരു വിദേശ ടീമുമായി ഏറ്റുമുട്ടുന്ന വാശിയേറിയ ടെസ്റ്റ് പോരാട്ടമാണ് ഇന്ന് ഒഫീഷ്യലി ബോക്സിങ്ങ് ഡേ  ടെസ്റ്റ് എന്നപേരിൽ അറിയപ്പെടുന്നത്. ബോക്സിങ് ഡേയുമായി ബന്ധപ്പെട്ടു കിടക്കുന്ന അധികം പേർക്കറിയാത്ത ചില ചരിത്ര വസ്തുതകളിലൂടെ

1. ബോക്സിങ്ങ് ഡേ ടെസ്റ്റ് എന്നത് മെൽബൺ ക്രിക്കറ്റ് ക്ലബ്ബിന്റെ  ഒരു ട്രേഡ് മാർക്ക്  ആവുന്നതിനുമുമ്പ് ആദ്യമായി ഡിസംബർ 26ന് തുടങ്ങുന്ന ഒരു ടെസ്റ്റ് മത്സരം സംഘടിപ്പിക്കപ്പെടുന്നത് 1913ൽ ഓൾഡ് വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ്.

2. രണ്ടാമതൊരുവട്ടം ഡിസംബർ 26ന് ഒരു ടെസ്റ്റ് മത്സരം തുടങ്ങുന്നത് 48 കൊല്ലം കഴിഞ്ഞ് 1969ൽ അതേ സ്റ്റേഡിയത്തിൽ വെച്ച് ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലാണ്.

3. മെൽബൺ ക്രിക്കറ്റ് ക്ലബ്ബിൽ വെച്ച് ബോക്സിങ്ങ് ഡേയിൽ ആദ്യമായി ഒരു ടെസ്റ്റ് മത്സരം നടക്കുന്നത് 1950ലാണ്. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ. 22ന് തുടങ്ങിയ മത്സരം 25ന് വിശ്രമദിനം നൽകി 27 വരെ നീണ്ടു.

4. MCGയിൽ ആദ്യത്തെ ഒഫീഷ്യൽ ബോക്സിങ്ങ് ഡേ  ടെസ്റ്റ് നടക്കുന്നത് 1969ൽ ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലാണ്.

5. 1980  മുതൽക്കാണ് MCG 'ബോക്സിങ്ങ് ഡേ ടെസ്റ്റ്' എന്ന പേരിന്മേൽ അവകാശവാദം ഉന്നയിക്കുന്നതും അത് വർഷാവർഷം മുടങ്ങാതെ നടത്താൻ തുടങ്ങുന്നതും. ഒരേയൊരു വർഷം, 1989ൽ ഒരു ODI നടത്തപ്പെടുകയുണ്ടായതൊഴിച്ചാൽ.
 
ആഷസ് സീരീസ് പോലെ തന്നെ ഓസ്‌ട്രേലിയയ്ക്ക് അഭിമാനപ്രശ്നമാണ് ബോക്സിങ്ങ് ഡേ ടെസ്റ്റും. ക്രിസ്മസ് അവധിയിൽ നടക്കുന്ന മത്സരമായതുകൊണ്ട് പതിവിൽ കവിഞ്ഞ തിരക്ക് സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കാവുന്നതാണ്. ഏകദേശം ഒരു ലക്ഷം കാണികൾ പതിവായി മെൽബൺ സ്റ്റേഡിയത്തിൽ ബോക്സിങ്ങ് ഡേ ടെസ്റ്റിന് എത്തിച്ചേരാറുണ്ട്.

ബോക്സിങ്ങ് ഡേ  ടെസ്റ്റിൽ ലോകം:

2010 :ആദ്യം ബാറ്റുചെയ്ത ആസ്‌ട്രേലിയ അന്നുതന്നെ വെറും 98  റൺസിന് പുറത്താവുന്നു. ഇംഗ്ലണ്ടിനുവേണ്ടി ജോനാഥൻ ട്രോട്ട് നേടിയ സെഞ്ച്വറിയുടെ ബലത്തിൽ ഓസ്‌ട്രേലിയയെ ഇംഗ്ലൺസ് ഇന്നിങ്സിനും 157  റൺസിനും തോൽപ്പിക്കുന്ന. അത്തവണ 24  വര്ഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ഓസ്‌ട്രേലിയയിൽ ഒരു ടെസ്റ്റ് സീരീസ് ജയിക്കുന്നു.

1998:നാലാമിന്നിങ്സിൽ ജയിക്കാൻ 175  റൺസ് മാത്രം മതിയായിരുന്നു ഓസ്‌ട്രേലിയ 130ന് 3 എന്ന വളരെ സുരക്ഷിതമായ സ്‌കോറിൽ പൊയ്ക്കൊണ്ടിരിക്കെ ഡീൻ ഹെഡ്ലിയുടെ  6/ 60 എന്ന  മാരകമായ സ്പെല്ലിനു മുന്നിൽ ദയനീയമായി തകർന്നടിഞ്ഞ ഓസ്ട്രേലിയ വെറും 12 റൺസിന്‌ തോൽക്കുന്നു.  

1982: ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 284ന് പുറത്താവുന്നു. ഓസ്‌ട്രേലിയയ്ക്ക് ആദ്യ ഇന്നിങ്സിൽ മൂന്നു റൺസിന്റെ ലീഡ് മാത്രം. രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 294  റൺസ് പടുത്തുയർത്തുന്ന. ചേസ് ചെയ്ത് കളിക്കാനിറങ്ങിയ ഓസ്‌ട്രേലിയ 219 ന് 9  എന്ന നിലയിൽ തോൽവിയുടെ പടിവാതിലിൽ നിൽക്കെ വാലറ്റക്കാരൻ ജെഫ് തോംസണോ(21)ടൊപ്പം അലൻ ബോർഡർ (62) ഇംഗ്ലണ്ടിന് ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും അവസാനത്തെ വിക്കറ്റും പിഴുതെടുത്ത് ഇയാൻ ബോഥം ഇംഗ്ലണ്ടിന് മൂന്നു റൺസിന്റെ വിജയം സമ്മാനിക്കുന്നു.

ബോക്സിങ്ങ് ഡേ ടെസ്റ്റിൽ ഇന്ത്യ

MCGയിൽ ഇന്നുവരെ ഇന്ത്യ 7  ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. അതിൽ രണ്ടെണ്ണത്തിൽ സമനില നേടിയെങ്കിലും ബാക്കി അഞ്ചിലും ഇന്ത്യ തോറ്റ ചരിത്രമാണുള്ളത്. 2003ൽ വിരേന്ദ്ര സെവാഗ് 195  റൺസടിച്ച് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും തിരിച്ചടിച്ച ആസ്‌ട്രേലിയ മത്സരം ഇന്ത്യയിൽ നിന്നും തട്ടിപ്പറിച്ചു.

ബോക്സിങ്ങ് ഡേയിലെ വിജയ പ്രതീക്ഷകൾ

ആതിഥേയരായ ഓസ്ട്രേലിയ തന്നെയാണ് ബോക്സിങ്ങ് ഡേ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയിച്ചിട്ടുള്ള ടീം.70%  ആണവരുടെ വിജയശതമാനം. കളിച്ച  ഒമ്പതു ടെസ്റ്റുകളിൽ നാലെണ്ണം ജയിച്ചിട്ടുള്ള ഇംഗ്ലണ്ടാണ് തൊട്ടുപിന്നിൽ. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ എന്നീ ടീമുകൾ ഇന്നോളം ഒരു ബോക്സിങ്ങ് ഡേ  ടെസ്റ്റ് ജയിച്ച ചരിത്രമില്ല.  2008ലെ ബോക്സിങ്ങ് ഡേ  ടെസ്റ്റ് ജയിച്ചുകൊണ്ട് ദക്ഷിണാഫ്രിക്ക അവരുടെ ആദ്യത്തെ വിദേശ സീരീസ് വിജയം കരസ്ഥമാക്കിയിരുന്നു. ന്യൂസിലൻഡ് കഴിഞ്ഞ മുപ്പതുവർഷങ്ങളായി ബോക്സിങ്ങ് ഡേ ടെസ്റ്റ് കളിച്ചിട്ടേയില്ല..
  

click me!