കേരളാ ക്രിക്കറ്റിലെ വാട്മോര്‍ ഇഫക്ട്

By സി.ഗോപാലകൃഷ്ണന്‍First Published Nov 28, 2017, 2:12 PM IST
Highlights

തിരുവനന്തപുരം: ഡേവ് വാട്മോര്‍ എന്ന രാജ്യാന്തര പരിശീലകന്‍ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവുന്നു എന്ന വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നപ്പോള്‍ ആരാധകരില്‍ പലരും അത് വിശ്വിസിച്ചില്ല. കാരണം വാട്മോറിനെ പോലെ പരിശീലകനെന്ന നിലയില്‍ രാജ്യന്തരതലത്തില്‍ തന്നെ മേല്‍വിലാസമുള്ളൊരാള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബൗണ്ടറി ലൈനിന് പുറത്തു നില്‍ക്കുന്ന കേരളത്തെപ്പോലൊരു കൊച്ചു സംസ്ഥാനത്തിന്റെ പരിശീലകനാവുക എന്നത് അവര്‍ക്ക് ചിന്തിക്കാന്‍പോലും പറ്റാത്തകാര്യമായിരുന്നു. ഒടുവില്‍ അവിശ്വസികളെയെല്ലാം റണ്ണൗട്ടാക്കി വാട്മോര്‍ വന്നു. കേരളത്തെ പരിശീലിപ്പിച്ചു, നോക്കൗട്ട് പ്രവേശനമെന്ന സ്വപ്ന നേട്ടം സമ്മാനിക്കുകയും ചെയ്തു. പേരുപോലെ 'വാട്ട് മോര്‍' എന്ന് ആരാധകരും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും. രഞ്ജി ട്രോഫിയില്‍ കേരത്തിന്റെ സ്വപ്നതുല്യമായ കുതിപ്പിനെക്കുറിച്ച് സി.ഗോപാലകൃഷ്ണന്‍ എഴുതുന്നു.

ഗുജറാത്തും സൗരാഷ്ട്രയും ഉള്‍പ്പെടുന്ന മരണഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലെത്തുക എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം കടുപ്പമായിരുന്നു. എന്നാല്‍ ഈ സീസണില്‍ കളിച്ച ആറു കളികളില്‍ അഞ്ചിലും വിജയക്കൊടി പാറിച്ചാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. കളിക്കാരെ അവരുടെ സ്വാഭാവിക കളി പുറത്തെടുക്കാനും ഒപ്പം ആസ്വദിച്ചു കളിക്കാനും അവസരമൊരുകുക എന്നതായിരുന്നു പരിശീലകനെന്ന നിലയില്‍ വാട്മോര്‍ ചെയ്തതെന്ന് കേരളത്തിന്റെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നേരത്തെ വ്യക്തമാക്കിയിരുന്നു. അതുതന്നെയാണ് സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങളുടെ പ്രകടനത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞ സീസണില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും കൂടുതലും സമനിലകളായിരുന്നു കേരളത്തെ കാത്തിരുന്നതെങ്കില്‍ ഇത്തവണ അത് വിജയമാക്കി മാറ്റാനായി എന്നതാണ് വാട്മോറിന്റെ വിജയം. 1996ലെ ലോകകപ്പില്‍ ശ്രീലങ്കയെപ്പോലൊരു ടീമിനെ ലോകചാമ്പ്യന്‍മാരാക്കിയ വാട്മോറിന്റെ തന്ത്രജ്ഞത കേരളത്തെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എലൈറ്റ് ഗ്രൂപ്പിലേക്ക് ഉയര്‍ത്തിയിരിക്കുന്നു.

സക്സേന എന്ന സക്സസ് മന്ത്രം

മറ്റ് സംസ്ഥാന താരങ്ങളെ വായ്പാ അടിസ്ഥാനത്തില്‍ കളിപ്പിക്കാനെടുത്ത തീരുമാനവും കേരളത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായി. ഇതില്‍ കേരളത്തിന് അടിച്ച ലോട്ടറിയായിരുന്നു ജലജ് സക്സേന എന്ന ഓള്‍ റൗണ്ടര്‍. ആദ്യ മത്സരങ്ങളില്‍ പന്തുകൊണ്ട് എതിരാളികളെ കറക്കി വീഴ്‌ത്തിയ സക്നേന നിര്‍ണായകഘട്ടങ്ങളില്‍ കേരളത്തിന്റെ ബാറ്റിംഗ് നട്ടെല്ലായി.

ആറ് മത്സരങ്ങളില്‍ നിന്ന് 15.15 പ്രഹരശേഷിയില്‍ 38 വിക്കറ്റ് സ്വന്തമാക്കിയ സക്സേന ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ്. 31 വിക്കറ്റുള്ള മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗള ആണ് രണ്ടാം സ്ഥാനത്ത്. ആറു കളികളില്‍ 60 റണ്‍സ് ശരാശരിയില്‍ 482 റണ്‍സാണ് സക്സേന അടിച്ചെടുത്തത്. സക്സേനക്കൊപ്പം തന്നെ റോഹന്‍ പ്രേമിന്റെ പ്രകടനവും കേരളത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായി.

സഞ്ജു റീ ലോഡഡ്

സഞ്ജു സാംസണെക്കുറിച്ചുണ്ടായിരുന്ന പ്രധാന ആക്ഷേപം സീസണില്‍ ആദ്യ മത്സരങ്ങില്‍ സെഞ്ചുറിയടിക്കുകയും പിന്നീടുള്ള മത്സരങ്ങളില്‍ പുറകോട്ടു പോവുമെന്നതായിരുന്നു. സഞ്ജുവിന്റെ പരിശീലകനായ ബിജു ജോര്‍ജ് പോലും ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഇതുവരെ കാണാത്തൊരു സഞ്ജുവിനെയാണ് ആരാധകര്‍ കണ്ടത്. സൗരാഷ്ട്രയ്ക്കെതിരെ നിര്‍ണായക മത്സരത്തില്‍ നേടിയ സെഞ്ചുറി ഒന്നുമതി സഞ്ജുവിന്റെ മാറ്ററിയാന്‍. ശ്രീലങ്കക്കെതിരായ ദ്വിദിന സന്നാഹ മത്സരത്തില്‍ ക്യാപ്റ്റനാവുകയും സെഞ്ചുറി അടിക്കുകയും ചെയ്ത സഞ്ജു തൊട്ടുപിന്നാലെ സൗരാഷ്ട്രക്കെതിരെ നേടിയ സെഞ്ചുറിയോടെ ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധയിലേക്ക് വീണ്ടുമെത്തി.

ആറ് മത്സരങ്ങളില്‍ നിന്ന് 57.70 ശരാശരിയില്‍ 577 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ദേശീയതലത്തില്‍ റണ്‍വേട്ടയില്‍ ഒമ്പതാമനാണ് സ‌ഞ്ജു. ഹരിയാനക്കെതിരായ അവസാന മത്സരത്തില്‍ ബാറ്റുകൊണ്ട് തിളങ്ങിയില്ലെങ്കിലും അഞ്ച് ക്യാച്ചുകളുമായി സഞ്ജു വിക്കറ്റിന് പിന്നില്‍ മികവുകാട്ടി. ഈ പ്രകടനങ്ങള്‍ വൈകാതെ ടെസ്റ്റ് ടീമിലോ ഏകദിന ടീമിലോ സഞ്ജുവിനെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ആരാധകരേറെയും.

ചരിത്രനേട്ടം കേരളത്തിന് സമ്മാനിക്കുന്നത്

കേരളത്തിന് ഇത് വെറുമൊരു ക്വാര്‍ട്ടര്‍ പ്രവേശനം മാത്രമല്ല.ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായര്‍ മാത്രം ഇരിക്കുന്ന നടുത്തളത്തിലേക്ക് കസേര വലിച്ചിട്ടിരിക്കാന്‍ ലഭിച്ച സുവര്‍ണാവസരം കൂടിയാണ്. മുംബൈയെയും തമിഴ്‌നാടിനെയും കര്‍ണാടകയെയും പോലുള്ള വമ്പന്‍ ടീമുകള്‍ മാത്രം മാറ്റുരയ്ക്കുന്ന നോക്കൗട്ട് റൗണ്ടില്‍ നടത്തുന്ന പ്രകടനം സഞ്ജു അടക്കമുള്ള താരങ്ങള്‍ക്കുമേല്‍ ദേശീയ സെലക്ടര്‍മാരുടെ കൂടുതല്‍ ശ്രദ്ധപതിയാന്‍ ഇടയൊരുക്കും. ഒപ്പം ടിനുവിനും ശ്രീശാന്തിനും സഞ്ജുവിനും ശേഷം വളര്‍ന്നുവരുന്ന കേരളത്തിലെ താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമും ഐപിഎല്ലും സ്വപ്നം കാണാനുള്ള സാധ്യതയും തുറക്കും.

click me!