ദാവീന്ദര്‍ സിംഗ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍

By web deskFirst Published Aug 11, 2017, 12:16 PM IST
Highlights

ലണ്ടന്‍: ലണ്ടനില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ ജാവലിന്‍ താരം ദാവീന്ദര്‍ സിംഗ് ഇതിനൊപ്പം കുറിച്ചത് പുതിയ റെക്കോര്‍ഡും. ലോകചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ ജാവലിന്‍ താരം എന്ന നേട്ടമാണ് ദാവീന്ദര്‍ സിംഗ് കാംഗ് സ്വന്തമാക്കിയത്.

ജാവലിന്‍ ത്രോയില്‍ മെഡല്‍ നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന നീരജ് ചോപ്ര ലണ്ടനില്‍ നിരാശപ്പെടുത്തിയപ്പോഴാണ് അപ്രതീക്ഷിതമായി മികച്ച പ്രകടനം പുറത്തെടുത്ത ദാവീന്ദര്‍ ഫൈനലിലെത്തിയത്. തോളിനേറ്റ പരിക്കിനെപ്പോലും അവഗണിച്ചാണ് ദാവീന്ദറിന്റെ മികച്ചപ്രകടനം.

യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയിലാണ് ദാവീന്ദര്‍ മത്സരിച്ചത്. ആദ്യരണ്ടു ശ്രമങ്ങളില്‍ യോഗ്യതാ മാര്‍ക്കായി നിശ്ചയിച്ചിരുന്ന 83 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവസാനശ്രമത്തില്‍ ദാവീന്ദറിന്റെ ജാവലിന്‍ ഈ ദൂരം മറികടന്നാണ് നിലത്ത് പതിച്ചത്. ആദ്യ രണ്ടു ശ്രമങ്ങളില്‍ 82.22, 82.14 മീറ്റര്‍ ദൂരം മാത്രമാണ് ദാവീന്ദറിന് കണ്ടെത്താന്‍ കഴിഞ്ഞത്.

ഫൈനലിലെത്തിയ 13 പേരില്‍ ഏഴാം സ്ഥാനക്കാരനാണ് ദാവീന്ദര്‍. നാളെ നടക്കുന്ന ഫൈനലില്‍ കുറച്ചുകൂടി ദൂരം കണ്ടെത്താനായാല്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ജാവലിനില്‍ ഒരു മെഡല്‍ ഇന്ത്യക്ക് സമ്മാനിക്കാന്‍ ദാവീന്ദറിന് കഴിയും.

click me!