ട്വന്റി 20 ലോകകപ്പ് മുന്നിൽക്കണ്ട് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ജസ്പ്രിത് ബുമ്രയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം നൽകിയേക്കും. 

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ജസ്പ്രിത് ബുമ്രയ്ക്കും ഹാര്‍ദിക് പണ്ഡ്യയ്ക്കും വിശ്രമം നല്‍കിയേക്കും. പരിക്കില്‍ നിന്ന് മുക്തരായ ശുഭ്മന്‍ ഗില്ലും ശ്രേയസ് അയ്യരും ടീമില്‍ തിരിച്ചെത്തും. ട്വന്റി 20 ലോകകപ്പ് പടിക്കല്‍ എത്തില്‍ നില്‍ക്കേ ജോലി ഭാരം കുറയ്ക്കാനാണ് ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുമ്രയ്ക്കും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പണ്ഡ്യക്കും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കാനൊരുങ്ങുന്നത്. എന്നാല്‍ ട്വന്റി 20 പരന്പരയില്‍ ഇരുവരേയും ടീമില്‍ ഉള്‍പ്പെടുത്തും. അടുത്ത ഞായറാഴ്ച്ചയോ തിങ്കളാഴ്ച്ചയോ ടീമിനെ പ്രഖ്യാപിച്ചേക്കും.

ട്വന്റി 20 ലോകകപ്പിന് തെരഞ്ഞെടുത്ത അതേ ടീമാണ് കിവീസിനെതിരെയും കളിക്കുന്നത്. 2023ലെ ലോകകപ്പ് ഫൈനലിന് ശേഷം ബുമ്രയും മാര്‍ച്ചിലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഹാര്‍ദിക്കും ഏകദിനത്തില്‍ കളിച്ചിട്ടില്ല. ഇരുവരുടെയും സാന്നിധ്യം ട്വന്റി 20 ലോകകപ്പ് ടീമില്‍ ഉറപ്പാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. ഇതേസമയം ഹാര്‍ദിക്ക് മത്സര പരിചയത്തിനായി വിജയ് ഹസാരെ ട്രോഫിയില്‍ ഒന്നോരണ്ടോ മത്സരങ്ങളില്‍ ബറോഡയ്ക്കായി കളിച്ചേക്കും.

പരിക്കില്‍ നിന്ന് മുക്തനായ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണിപ്പോള്‍ ശ്രേയസ് പരിശീനം നടത്തുന്നത്. ഗില്ലിന്റെയും ശ്രേയസിന്റെയും അഭാവത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരന്പരയില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ചുറിയോടെ മികവ് നിലനിര്‍ത്തിയ രോഹിത് ശര്‍മ്മയും വിരാട് കോലിയും ടീമില്‍ തുടരും. റിഷഭ് പന്തിന് പകരം ഇഷാന്‍ കിഷന്‍ ടീമിലേക്ക തിരിച്ചെത്താന്‍ സാധ്യതയേറെ.

ഇതോടെ റിഷഭ് പന്തിന്റെ സാന്നിധ്യം ടെസ്റ്റ് ടീമില്‍ മാത്രമായി ചുരുങ്ങും. ജനുവരി പതിനൊന്നിന് വഡോദരിയലാണ് ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ഏകദിനം. തുടര്‍ന്ന് രാജ്‌കോട്ട്, ഇന്‍ഡോര്‍ എന്നിവിടങ്ങളിലും ഏകദിനം. ജനുവരി 21ന് നാഗ്പൂരിലാണ് ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാവുക. റായ്പൂര്‍, ഗുവാഹത്തി, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവയാണ് മറ്റ്ട്വന്റി 20 വേദികള്‍. ജനുവരി 21നാണ് തിരുവനന്തപുരത്തെ അവസാന ട്വന്റി 20.

YouTube video player