
ജോഹ്‌നാസ്‌ബര്‍ഗ്: അങ്ങനെ തുടര്‍ച്ചയായ ഒമ്പത് പരമ്പര വിജയങ്ങള്‍ക്കുശേഷം വിരാട് കോലിയപും സംഘവും തലകുനിച്ചിരിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം എന്ന വിശേഷണവുമായി പരമ്പരക്കെത്തിയ ഇന്ത്യ ആദ്യ രണ്ടു ടെസ്റ്റിലെയും സമ്പൂര്‍ണ തോല്‍വിയോടെയാണ് പരമ്പര കൈവിട്ടത്. ആദ്യ ടെസ്റ്റില്‍ സന്നാഹത്തിന്റെ കുറവും ഫിലാന്‍ഡറുടെ സ്വിംഗിനും മുന്നിലാണ് ഇന്ത്യക്ക് കാലിടറയതെങ്കില്‍ രണ്ടാം ടെസ്റ്റിലെ തോല്‍വി ഇന്ത്യ ചോദിച്ചുവാങ്ങിയതാണ്.
ടീം കോംബിനേഷനും ബാറ്റിംഗ് നിരയുടെ ദയനീയ പ്രകടനവും എല്ലാം കാരണങ്ങളായി നിരത്താമെങ്കിലും ജയിക്കാമായിരുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത് ഫീല്‍ഡര്‍മാരുടെയും വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിന്റെയും കൈവിട്ട കളിയാണ്. ക്യാച്ചുകള്‍ കളി ജയിപ്പിക്കുന്നുവെന്ന ചൊല്ല് ശരിവെക്കുന്നതാണ് ഈ ടെസ്റ്റില്‍ ഇന്ത്യ കൈവിട്ട ക്യാച്ചുകളുടെ കണക്കുകള്‍. രണ്ടിന്നിംഗ്സിലുമായി പന്ത്രണ്ടോളം ക്യാച്ചുകളാണ് ഇന്ത്യ കൈവിട്ടത്.
ആദ്യ ഇന്നിംഗ്സില്‍ 245/3 എന്ന ശക്തമായ നിലയില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ 335ന് ഒതുക്കിയെന്നത് ബൗളര്‍മാരുടെ മികവായി കാണാമെങ്കിലും കൈവെള്ളയിലെത്തിയ ക്യാച്ചുകള്‍ കൈയിലതുക്കിയിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്ക 250 പോലും കടക്കില്ലായിരുന്നുവെന്നതായണ് യാഥാര്‍ഥ്യം. ആദ്യ ഇന്നിംഗ്സില്‍ മാത്രം ഇന്ത്യ അഞ്ച് ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. ഇതില്‍ മൂന്നും പാര്‍ഥിവ് പട്ടേലിന്റെ വകയായിരുന്നു. അംലയെയും റബാദയെയും രണ്ടു തവണ വീതവും ഡൂപ്ലെസിയെ ഒരു തവണയും ഫീല്‍ഡര്‍മാര്‍ കൈവിട്ടു. കൈവിട്ട ഈ കളിക്കുശേഷം ഈ ബാറ്റ്സ്മാന്‍മാര്‍ കൂടി നേടിയത് 87 റണ്‍സ്. അതായത് ദക്ഷിണാഫ്രിക്കയും ആദ്യ ഇന്നിംഗ്സ് സ്കോറായ 335ല്‍ നിന്ന് ഇത്രയും റണ്‍സ് കുറച്ചാല്‍ അവര്‍ 248നെങ്കിലും പുറത്താവേണ്ടതായിരുന്നു. ഇന്ത്യക്ക് ലഭിക്കുമായിരുന്നത് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡും.
രണ്ടാം ഇന്നിംഗ്സിലും കൈവിട്ട കളിക്ക് കുറവൊന്നുമുണ്ടായില്ല. രണ്ടാം ഇന്നിംഗ്സിന്റെ തുടക്കത്തിലെ ബൂമ്ര ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചശേഷം ഡീല്‍ എല്‍ഗാല്‍ നല്‍കിയ അനായാസ ക്യാച്ച് വിക്കറ്റിന് പിന്നില്‍ പാര്‍ഥിവ് പട്ടേല്‍ നോക്കി നിന്നത് കണ്ടാല്‍ സ്കൂള്‍ ക്രിക്കറ്റര്‍മാര്‍പോലും നാണിച്ചുപോകും.
സ്ലിപ്പിലുള്ള പൂജാരക്ക് ക്യാച്ചെടുക്കാനായാണ് തനിക്കുനേരെ വന്ന ക്യാച്ചിനുനേരെ പാര്‍ഥിവ് കണ്ണടച്ചത്. രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ 250 കടത്തിയത് വാലറ്റത്തെ കൂട്ടുപിടിച്ച് ഡൂപ്ലെസി നടത്തിയ ചെറുത്തുനില്‍പ്പായിരുന്നു. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ അശ്വിന്റെ പന്തില്‍ ഡൂപ്ലെസി നല്‍കിയ ക്യാച്ച് കൈവിട്ടതാകട്ടെ കെ എല്‍ രാഹുല്‍.
മുഹമ്മദ് ഷാമിയുടെ പന്തില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി അടിച്ച ക്വിന്റണ്‍ ഡീ കോക്കിന്റെ മൂന്ന് ഷോട്ടുകളും ക്യാച്ചുകളാവേണ്ടതായിരുന്നു. രണ്ടു തവണ സ്ലിപ്പിലെ ഫീല്‍ഡര്‍മാര്‍ക്കിടയിലൂടെയും ഒരുതവണ പാര്‍ഥിവിന്റെ കൈയില്‍ നിന്നും ക്യാച്ചുകള്‍ ചോര്‍ന്നു. ഒടുവില്‍ ഷാമിയുടെ പന്തില്‍ പാര്‍ഥിവ് തന്നെ ഡീകോക്കിനെ പിടികൂടി നാണക്കേട് ഒഴിവാക്കി.
2010 മുതല്‍ ഇന്ത്യ കളിച്ച ടെസ്റ്റുകളുടെ കണക്കെടുത്താല്‍ ഓരോ ടെസ്റ്റിലും ഇന്ത്യ ശരാശരി 2.83 ക്യാച്ചുകള്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിടാറുണ്ട്. എന്നാല്‍ ഈ ടെസ്റ്റില്‍ അത് 12ന് മുകളിലാണ്.
ഈ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയെ വീഴ്‌ത്തിയശേഷമാണ് പലപ്പോഴും കൂടുതല്‍ ക്യാച്ചുകളും കൈവിട്ടതെന്നതാണ് രസകരമായ മറ്റൊരു കാര്യം. അസാമാന്യ ക്യാച്ചുകളെടുക്കുന്നവര്‍ തന്നെയാണ് അനായാസ ക്യാച്ചുകളും കൈവിടുന്നെന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസവും.
കൈവിട്ട ക്യാച്ചുകള്‍ കഴിഞ്ഞാല്‍ ബാറ്റ്സ്മാന്‍മാരുടെ ഷോട്ട് സെലക്ഷനാണ് ഇന്ത്യ ചതിച്ചത്. ആദ്യ ഇന്നിംഗ്സില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന മുരളി വിജയ് കേശവ് മഹാരാജിനെ കട്ട് ചെയ്യാന്‍ ശ്രമിച്ച് പുറത്തായതോടെയാണ് ഇന്ത്യയുടെ തകര്‍ച്ച തുടങ്ങിയത്. പൂജാര രണ്ടിന്നിംഗിസിലും റണ്ണൗട്ടായി നാണം കെട്ടപ്പോല്‍ ധവാന് പകരം ടീമിലെത്തിയ കെ എല്‍ രാഹുലിന്റെ രണ്ടാം ഇന്നിംഗ്സിലെ പുറത്താകല്‍ ശരിക്കും നിരാശപ്പെടുത്തി. ഒന്നാം ഇന്നിംഗ്സ് ലീഡെന്ന ഇന്ത്യയുടെ സ്വപ്നം തകര്‍ത്തത് ഹര്‍ദ്ദീക് പാണ്ഡ്യയുടെ അനാവശ്യ റണ്ണൗട്ടായിരുന്നു. ട്വന്റി-20 ക്രിക്കറ്റിലെ ഷോട്ട് കളിച്ച് രണ്ടാം ഇന്നിംഗ്സില്‍ ഹര്‍ദിക്ക് പാണ്ഡ്യ പുറത്തായരീതിയും ഞെട്ടിക്കുന്നതായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!