കൊല്‍ക്കത്തയില്‍ ഗോകുലത്തെ പൂട്ടി ഈസ്റ്റ് ബംഗാള്‍

By Web TeamFirst Published Dec 8, 2018, 8:52 PM IST
Highlights

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ബ്രാന്‍ഡോണിലൂടെ കൊല്‍ക്കത്തന്‍ ടീം മുന്നിലെത്തി. ആ ഞെട്ടലില്‍ നിന്ന് വിമുക്തരാവുന്നതിന് മുമപ് തന്നെ ഗോകുലും പോസ്റ്റില്‍ അടുത്ത ഗോളും ഈസ്റ്റ് ബംഗാള്‍ നിക്ഷേപിച്ചു

കൊല്‍ക്കത്ത: ഐ ലീഗില്‍ അട്ടിമറി സ്വപ്നം കണ്ടെത്തിയ ഗോകുലം കേരള എഫ്സിക്ക് കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനോട് തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളത്തിന്‍റെ സ്വന്തം ടീമിനെ ഈസ്റ്റ് ബംഗാള്‍ പരാജയപ്പെടുത്തിയത്. സീസണിലെ രണ്ടാം തോല്‍വി വഴങ്ങിയ ഗോകുലം ഇതോടെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് ഇറങ്ങി.

മത്സരത്തിന്‍റെ തുടക്കം മുതല്‍ കളിക്കളത്തില്‍ ഈസ്റ്റ് ബംഗാള്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ബ്രാന്‍ഡോണിലൂടെ കൊല്‍ക്കത്തന്‍ ടീം മുന്നിലെത്തി. ആ ഞെട്ടലില്‍ നിന്ന് വിമുക്തരാവുന്നതിന് മുമ്പ് തന്നെ ഗോകുലം പോസ്റ്റില്‍ അടുത്ത ഗോളും ഈസ്റ്റ് ബംഗാള്‍ നിക്ഷേപിച്ചു.

ഇത്തവണ മലയാളി താരം ജസ്റ്റിനായിരുന്നു സ്കോറര്‍. മത്സരത്തിലേക്ക് തിരിച്ചെത്താനുള്ള ഗോകുലത്തിന്‍റെ ശ്രമങ്ങളെല്ലാം വിഫലമായപ്പോള്‍ സാബയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയും റഫറി കേരള ടീമിന് അനുവദിച്ചില്ല. ഇതോടെ ഇന്ന് ഗോകുലത്തിന്‍റെ ദിവസമല്ലെന്ന് വ്യക്തമായി.

എന്നാല്‍, 57-ാം മിനിറ്റില്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ വച്ചു. ഡാനിയേല്‍ എഡോ ഒരുക്കി നല്‍കിയ അവസരത്തിലൂടെ സാബ ഗോള്‍ സ്വന്തമാക്കി. പിന്നീട് സമനില ഗോളിനായി ഗോകുലം ആഞ്ഞ് പൊരുതുന്നതിനിടെ 82-ാം മിനിറ്റില്‍ ലാല്‍റാം ചുല്ലോവയിലൂടെ ഈസ്റ്റ് ബംഗാള്‍ മൂന്നാം ഗോളും പേരിലെഴുതി. 

click me!