അശ്വിനും ഇശാന്തും തകര്‍ത്താടി; ഇംഗ്ലണ്ട് പ്രതിരോധത്തില്‍

By Web TeamFirst Published Aug 3, 2018, 5:53 PM IST
Highlights
  • ഇന്ന് ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റുകള്‍ നഷ്ടമായി. വെറും 86 റണ്‍സ് മാത്രമാണ് അവര്‍ക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.
     

ബെര്‍മിങ്ഹാം: ഇന്ത്യക്കെതിരേ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് പതറുന്നു. ഇന്ന് ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റുകള്‍ നഷ്ടമായി. വെറും 86 റണ്‍സ് മാത്രമാണ് അവര്‍ക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ആതിഥേയര്‍ക്ക് 99 റണ്‍സ് മാത്രമാണ് ലീഡുള്ളത്. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനും ഇശാന്ത് ശര്‍മയുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 

രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഒമ്പതിന് ഒന്ന് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. മൂന്നാം ദിനം തുടക്കതില്‍ തന്നെ ജെന്നിങ്‌സിനെ പുറത്താക്കി അശ്വിന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. എട്ട് റണ്‍സ് മാത്രമായിരുന്നു ജെന്നിങ്‌സിന്റെ സമ്പാദ്യം. പിന്നാലെ എത്തിയ ജോ റൂട്ടിനേയും (14) അശ്വിന്‍ മടക്കിയയച്ചു. റൂട്ടും ജെന്നിങ്‌സും കെ.എല്‍ രാഹുലിന്റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു.

പിന്നീട് ഇശാന്ത് ശര്‍മ നിറഞ്ഞാടി. ഡേവിഡ് മലാന്‍ (20), ജോണി ബെയര്‍സ്‌റ്റോ (28), ബെന്‍ സ്‌റ്റോക്‌സ് (6) എന്നിവര്‍ ഇശാന്തിന് വിക്കറ്റ് നല്‍കി മടങ്ങി. മൂവരും സ്ലിപ്പില്‍ ക്യാച്ച് നല്‍കുകയായിരുന്നു. ഒരു റണ്‍സുമായി ജോസ് ബട്‌ലര്‍ ക്രീസിലുണ്ട്. വാലറ്റത്തെ പെട്ടന്ന് പുറത്താക്കി, 200 റണ്‍സില്‍ ഒതുങ്ങുന്ന ലീഡില്‍ ഇംഗ്ലണ്ടിനെ പിടിച്ചുക്കെട്ടുകയെന്നതായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.
 

click me!