
ലണ്ടന്‍: എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ കാര്യമായി സ്കോര്‍ ചെയ്യാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശീഖര്‍ ധവാനെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. സാഹചര്യത്തിന് അനുസരിച്ച് കളി മാറ്റാന്‍ ധവാന്‍ തയാറാവുന്നില്ലെന്ന് ഘവാസ്കര്‍ ആജ്‌തക് ചാനലിനോട് പറഞ്ഞു. കരിയറില്‍ ഇതുവരെ വിജയിച്ച ശൈലി തന്നെ പിന്തുടരാനാണ് ധവാന്‍ ശ്രമിക്കുന്നത്. ഏകദിന ക്രിക്കറ്റ് കളിക്കുന്നപോലെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ പറ്റില്ല.
ഏകദിന ക്രിക്കറ്റില്‍ സ്ലിപ്പില്‍ അധികം ഫീല്‍ഡര്‍മാരുണ്ടാവില്ല. അതുകൊണ്ടുതന്നെ സ്ലിപ്പിലൂടെയും തേര്‍ഡ്മാനിലൂടെയും ധാരാളം റണ്‍സ് കണ്ടെത്താനാവും. എന്നാല്‍ ടെസ്റ്റില്‍ അങ്ങനെയല്ല. ഇത്തരം ഷോട്ടുകള്‍ കളിച്ചാല്‍ വിക്കറ്റ് നഷ്ടമാവുകയാവും ഫലം. മാനസികമായി ഇത്തരമൊരു തയാറെടുപ്പില്ലാതെ വിദേശ പിച്ചുകളില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനിറങ്ങിയാല്‍ ശോഭിക്കാനാവില്ലെന്നും ഗവാസ്കര്‍ പറഞ്ഞു.
ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലെ ഒരു ബാറ്റ്സ്മാനും തന്നോട് ഉപദേശങ്ങള്‍ ചോദിച്ച് വരാറില്ലെന്നും ഗവാസ്കര്‍ പറഞ്ഞു. വിദേശപിച്ചുകളില്‍ എങ്ങനെ കളിക്കാമെന്നതിനെക്കുറിച്ച് വല്ലപ്പോഴും ഉപദേശം തേടിവരുന്നത് അജിങ്ക്യാ രഹാനെ മാത്രമാണ്. മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ് തുടങ്ങിയവരെല്ലാം വിദേശ പരമ്പരകള്‍ക്ക് മുമ്പ് എന്നോട് സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ജനറേഷന്‍ ഗ്യാപ്പും ബാറ്റിംഗിനടക്കം പ്രത്യേക കോച്ചുണ്ടെന്നതൊക്കെയാവാം നിലവിലെ താരങ്ങള്‍ ഉപദേശം തേടാത്തതിന് കാരണമെന്നും ഗവാസ്കര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!