അഫീലിന്റെ കുടുംബത്തിന് പത്ത് ലക്ഷം സര്‍ക്കാര്‍ ധനസഹായം

By Web TeamFirst Published Oct 23, 2019, 1:38 PM IST
Highlights

പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണതിനെ തുടര്‍ന്ന് മരണപ്പെട്ട അഫീല്‍ ജോണ്‍സണിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം.

തിരുവനന്തപുരം: പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണതിനെ തുടര്‍ന്ന് മരണപ്പെട്ട അഫീല്‍ ജോണ്‍സണിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. അഫീലിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാവുകയായിരുന്നു.  മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് അധ്യക്ഷനായി. 18 ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് അഫീല്‍ മരണത്തിന് കീഴടങ്ങിയത്.

മീറ്റിന്റെ വോളന്റിയറായിരുന്നു അഫീല്‍. വോളന്റിയറായി പങ്കെടുക്കുന്നതിനിടെ ഒക്ടോബല്‍ നാലിന് ഹാമര്‍ തലയില്‍ വീണ് അഫീലിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. മീറ്റിന്റെ ആദ്യദിനത്തില്‍ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിനിടെ ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്ത് മാറ്റാന്‍ നില്‍ക്കുകയായിരുന്ന അഫീലിന്റെ തലയിലേക്ക് എതിര്‍ദിശയില്‍ നിന്ന് ഹാമര്‍ വന്ന് വീഴുകയായിരുന്നു. ഭാരമേറിയ ഇരുമ്പ് ഗോളം പതിച്ച് അഫീലിന്റെ തലയോട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

15 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു അഫീല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങള്‍. വിദഗ്ധരായ ഡോക്ടര്‍മാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

click me!