കഴി‍ഞ്ഞ ആഴ്ച നടന്ന ഇംഗ്ലണ്ടിലെ ദ ഹണ്ട്രഡ് ടൂർണമെന്‍റ് താരലേലത്തില്‍ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയായ സൺറൈസേഴ്‌സ് ലീഡ്‌സ്, പാകിസ്ഥാൻ താരം അബ്രാർ അഹമ്മദിനെ ടീമിലെടുത്തതാണ് വിവാദങ്ങൾക്ക് കാരണമായത്.

ലണ്ടൻ: ഇംഗ്ലണ്ടിലെ ദ ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെന്‍റ് താര ലേലത്തിൽ പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ സൺറൈസേഴ്‌സ് ലീഡ്‌സ് സ്വന്തമാക്കിയതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി. സൺറൈസേഴ്‌സ് ഉടമ കാവ്യ മാരനെ ലക്ഷ്യം വെച്ച് ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോൾ എന്നെ വിളിക്കൂ എന്ന് ലളിത് മോദി എക്സ് പോസ്റ്റില്‍ പ്രതികരിച്ചു.

കഴി‍ഞ്ഞ ആഴ്ച നടന്ന ഇംഗ്ലണ്ടിലെ ദ ഹണ്ട്രഡ് ടൂർണമെന്‍റ് താരലേലത്തില്‍ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയായ സൺറൈസേഴ്‌സ് ലീഡ്‌സ്, പാകിസ്ഥാൻ താരം അബ്രാർ അഹമ്മദിനെ ടീമിലെടുത്തതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലെ നിലിവലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒരു ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീം പാക് താരത്തെ തിരഞ്ഞെടുത്തതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെ അബ്രാർ അഹമ്മദിന്‍റെ പഴയകാല ഇന്ത്യാ വിരുദ്ധ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിച്ചതും പ്രതിഷേധത്തിന്‍റെ ആക്കം കൂട്ടി.

ഈ സാഹചര്യത്തിലാണ് സൺറൈസേഴ്‌സ് മാനേജ്‌മെന്റിനെ അഭിസംബോധന ചെയ്യുന്ന രീതിയിൽ ലളിത് മോദിയുടെ പ്രതികരണം വന്നത്. ആരാധകർക്കിടയിൽ ഇതിനകം ഇത്രയേറെ പ്രതിഷേധം നിലനിൽക്കുമ്പോൾ ഒരു പാകിസ്ഥാൻ താരത്തിനായി 2.34 കോടി രൂപ നിക്ഷേപിക്കുക? പ്രതിച്ഛായ എങ്ങനെ സംരക്ഷിക്കണമെന്നും സാമ്രാജ്യങ്ങൾ എങ്ങനെ കെട്ടിപ്പടുക്കണമെന്നും എനിക്ക് നന്നായി അറിയാം, എന്നെ വിളിക്കൂ എന്നായിരുന്നു ലളിത് മോദിയുടെ പോസ്റ്റ്.

Scroll to load tweet…

വിവാദം ഉയ‍ർന്നതിന് പിന്നാലെ സൺറൈസേഴ്‌സ് ലീഡ്‌സിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു. ലേലത്തിൽ ട്രെന്‍റ് റോക്കറ്റ്‌സുമായി നടന്ന കടുത്ത ലേലത്തിനൊടുവിൽ ഏകദേശം 2.34 കോടി രൂപയോളം (190,000 പൗണ്ട്) നൽകിയാണ് സൺറൈസേഴ്‌സ് അബ്രാർ അഹമ്മദിനെ സ്വന്തമാക്കിയത്.

ഐപിഎല്ലിലെ സൺറൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഉടമകളായ സൺ ഗ്രൂപ്പ് തന്നെയാണ് ഈ ടീമിനെയും നയിക്കുന്നത്. 2009-ന് ശേഷം പാക് താരങ്ങൾക്ക് ഐപിഎല്ലിൽ വിലക്കുള്ള സാഹചര്യത്തിൽ, വിദേശ ലീഗുകളിൽ ഇന്ത്യൻ ഉടമകൾ പാക് താരങ്ങളെ എടുക്കുമോ എന്ന ആകാംക്ഷ നിലനിൽക്കെയാണ് സൺറൈസേഴ്‌സ് ഈ നീക്കം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക