ചരിത്രത്തിലെ ആദ്യ നാലുദിന ടെസ്റ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്

By Web DeskFirst Published Dec 26, 2017, 5:20 PM IST
Highlights

പോര്‍ട്ട് എലിസബത്ത്: ചരിത്രത്തിലെ ആദ്യ നാലുദിന ടെസ്റ്റില്‍ സിംബാബ്‌വെക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്. പരിക്കേറ്റ നായകന്‍ ഹാഫ് ഡുപ്ലിസിസിനു പകരം എബി ഡിവില്ലേഴ്സാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുന്‍ നായകന്‍ ഡിവില്ലേഴ്‌സ് ടെസ്റ്റ് മത്സരം കളിക്കുന്നത്. ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ പേസര്‍ ‍ഡെയ്ല്‍ സ്റ്റെയ്ന്‍ വൈറല്‍ പനി മൂലം കളിക്കുന്നില്ല.

ചരിത്രത്തിലെ ആദ്യ നാലുദിന ടെസ്റ്റ് പകലും രാത്രിയുമായാണ് നടക്കുന്നത് എന്നതും പ്രത്യേകതയാണ്. അഞ്ചുദിന ടെസ്റ്റ് മത്സരങ്ങളില്‍ 90 ഓവര്‍ എറിയുമ്പോള്‍ നാലുദിന ടെസ്റ്റില്‍ 98 ഓവറാണ് ദിവസം എറിയുക. എന്നാല്‍ ആകെ 58 ഓവറുകള്‍ മാത്രമാണ് അഞ്ചുദിന ടെസ്റ്റില്‍ നിന്ന് കുറയുക. ഇതിനായി സെഷനുകളുടെ ദൈര്‍ഘ്യത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യ രണ്ട് സെഷനുകളുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 15 മിനുറ്റുമാണ്.

150 റണ്‍സിന്‍റെ വ്യത്യാസമുണ്ടെങ്കില്‍ എതിരാളികളെ ഫോളോ ഓണിന് അയക്കാം എന്നതും പുതുമയാണ്. അഞ്ചുദിന ടെസ്റ്റ് മത്സരങ്ങളില്‍ 200 റണ്‍സാണ് ഫോളോ ഓണ്‍ ചെയ്യാന്‍ വേണ്ട റണ്‍ വ്യത്യാസം. സിംബാബ്‌വെന്‍ നിരയില്‍ വിക്കറ്റ് കീപ്പറായി ഇതിഹാസ താരം ബ്രണ്ടന്‍ ടെയ്ലര്‍ തിരിച്ചെത്തിയിട്ടുണ്ട്. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 19 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 13 റണ്‍സുമായി ആറ് ഡീന്‍ എല്‍ഗറും എയ്ഡന്‍ മര്‍ക്രാമുമാണ് ക്രീസില്‍.

click me!