ഭിന്ന താല്‍പര്യം; അഞ്ജു ബോബി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ പദവി ഒഴിയണമെന്ന് കായികമന്ത്രാലയം

By Web DeskFirst Published Mar 21, 2018, 3:17 PM IST
Highlights

ഭര്‍ത്താവിന്റെ പേരിലാണ് പരിശീലന കേന്ദ്രമെന്നും തന്റെ പേരിലുള്ള അക്കാദമിയുടെ നിര്‍മ്മാണം നടന്നുവരികയാണെന്നും രാജിക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അഞ്ജു ബോബി ജോര്‍ജ്ജ്

ദില്ലി: ദേശീയ കായിക നിരീക്ഷക പദവി ഒഴിയണമെന്നാവശ്യപ്പെട്ട് അഞ്ജു ബോബി ജോര്‍ജ്ജ്  അടക്കമുള്ള അഞ്ച് മുന്‍ കായിക താരങ്ങള്‍ക്ക് കേന്ദ്ര കായികമന്ത്രാലയം കത്തയച്ചു. സ്വന്തമായി പരിശീലന കേന്ദ്രങ്ങളും അക്കാദമികളുമുള്ളതിനാല്‍ ഭിന്നതാല്‍പര്യമുണ്ടാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം രാജി ആവശ്യപ്പെട്ടത്.

ഒളിംപിക്‌സിനായി കായിക താരങ്ങളെ ഒരുക്കിയെടുക്കുന്നതിന്റെ ഭാഗമായാണ് വിവിധ ഇനങ്ങളില്‍ 12 മുന്‍ താരങ്ങളെ കേന്ദ്ര കായിക മന്ത്രാലയം നിരീക്ഷകരായി നിയമിച്ചത്. ഇതില്‍ അഞ്ചുപേരോടാണ് കേന്ദ്ര കായികമന്ത്രാലയം രാജി ആവശ്യപ്പെട്ടത്. സ്വന്തമായി കായിക പരിശീലന കേന്ദ്രമുള്ളതിനാല്‍ താരങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ സ്വന്തം താത്പര്യം കടന്നുവരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കേന്ദ്രത്തിന്‍റെ നടപടി. ഭര്‍ത്താവിന്റെ പേരിലാണ് പരിശീലന കേന്ദ്രമെന്നും തന്റെ പേരിലുള്ള അക്കാദമിയുടെ നിര്‍മ്മാണം നടന്നുവരികയാണെന്നും രാജിക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അഞ്ജു ബോബി ജോര്‍ജ്ജ് പറഞ്ഞു.

ടാര്‍ഗറ്റ് ഒളിംപിക് പോഡിയത്തിന്റെ ചുമതല നേരത്തെ ഒഴിഞ്ഞ പി ടി ഉഷയ്‌ക്കും മന്ത്രാലയം കത്തയച്ചിട്ടുണ്ട്. പോഡിയം അധ്യക്ഷ സ്ഥാനം രാജിവച്ച   അഭിനവ് ബിന്ദ്രയോടും നിരീക്ഷക പദവി ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.   കര്‍ണ്ണം മല്ലേശ്വരി, ടേബിള്‍ ടെന്നിസ് മുന്‍ താരം കമലേഷ് മെഹ്‍ത എന്നിവരോടും മന്ത്രാലയം രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഒളിംപിക് മുന്നൊരുക്കങ്ങള്‍ക്കായി രൂപീകരിച്ച ടാര്‍ഗറ്റ് ഒളിംപിക് പോഡിയത്തിന്‍റെ പുന:സംഘടനയ്‌ക്കാണ് വഴിയൊരുങ്ങിയത്. കേന്ദ്ര നിരീക്ഷകരില്‍ ഐ എം വിജയനും അംഗമാണ്.

 

 

click me!