
പുനെ: റണ്‍മഴയും സെഞ്ചുറിത്തിളക്കവുമായി റെക്കോര്‍ഡുകള്‍ താണ്ടി അതിവേഗം കുതിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സെഞ്ചുറി നേടി കോലി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി. ഇതോടെ കോലിയുടെ ഏകദിന സെഞ്ചുറികളുടെ എണ്ണം മുപ്പത്തിയെട്ടിലെത്തി. 49 സെഞ്ചുറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പിന്നില്‍ രണ്ടാമനാണ് കോലി.
നിലവിലെ ഫോം തുടര്‍ന്നാല്‍ സച്ചിനെ മറികടക്കും എന്ന് വിലയിരുത്തപ്പെടുമ്പോള്‍ കോലിക്ക് പുതിയ ടാര്‍ഗറ്റ് നല്‍കുകയാണ് പാക് പേസ് എക്‌സ്‌പ്രസ് ഷൊയ്‌ബ് അക്‌തര്‍. സച്ചിന്‍റെ 100 അന്താരാഷ്ട്ര സെഞ്ചുറികളെന്ന നേട്ടം കോലി പിന്നിലാക്കണം എന്ന് അക്‌തര്‍ ആവശ്യപ്പെടുന്നു. മാത്രമല്ല, 120 സെഞ്ചുറികളെന്ന മാന്ത്രിക സംഖ്യയില്‍ കോലിയെത്തണമെന്നും പേസ് ജീനിയസ് ആവശ്യപ്പെടുന്നുണ്ട്.
38 ഏകദിന സെഞ്ചുറികള്‍ക്ക് പുറമെ 24 ടെസ്റ്റ് സെഞ്ചുറികളും കോലിയുടെ പേരിലുണ്ട്. 62 അന്താരാഷ്ട്ര സെഞ്ചുറികളുമായി ആകെ ശതകങ്ങളുടെ എണ്ണത്തില്‍ ആറാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍. സച്ചിന്‍ സൃഷ്‌ടിച്ച മാന്ത്രികസംഖ്യയിലെത്താന്‍ കോലിക്ക് ഇനിയും സഞ്ചരിക്കാനുണ്ട് എന്ന് വ്യക്തം. എന്നാല്‍ കോലി 38-ാം സെഞ്ചുറി തികച്ച മത്സരത്തില്‍ പരാജയപ്പെടാനായിരുന്നു ഇന്ത്യയുടെ വിധി.