ലോകകപ്പ് ടീമില്‍ അശ്വിനും അവസരം നല്‍കണമെന്ന് ഇന്ത്യയുടെ ലോകകപ്പ് ഹീറോ

By Web TeamFirst Published Feb 1, 2019, 2:54 PM IST
Highlights

കുല്‍ദീപിനും ചാഹലിനുമൊപ്പം ലോകകപ്പ് ടീമില്‍ കളിക്കാന്‍ അശ്വിനും അര്‍ഹതയുണ്ട്. കുല്‍ദീപിനോ ചാഹലിനോ പകരക്കാരനെ തേടുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആദ്യം അശ്വിനെ തെരഞ്ഞെടുക്കും.

ദില്ലി: ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഏകദിനങ്ങളില്‍ ഏറെക്കാലമായി ടീമില്‍ ഇല്ലെങ്കിലും ടെസ്റ്റില്‍ 300ല്‍ അധികം വിക്കറ്റ് നേടിയിട്ടുള്ള അശ്വിന്റെ പരിചയസമ്പത്ത് ലോകകപ്പില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും 2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്കോററായ ഗംഭീര്‍ പറഞ്ഞു.

യുസ്‌വേന്ദ്ര ചാഹലിന്റെയും കുല്‍ദീപ് യാദവിന്റെയും വരവോടെ അശ്വിനും ജഡേജയും ഏകദിന ടീമില്‍ സ്ഥിരം സാന്നിധ്യങ്ങളല്ല. ജഡേജ പലപ്പോഴും ഏകദിന ടീമില്‍ ഇടം പിടിക്കാറുണ്ടെങ്കിലും അശ്വിനെ ഏകദിനങ്ങളിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കാറില്ല. ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രസ്താവന.

കുല്‍ദീപിനും ചാഹലിനുമൊപ്പം ലോകകപ്പ് ടീമില്‍ കളിക്കാന്‍ അശ്വിനും അര്‍ഹതയുണ്ട്. കുല്‍ദീപിനോ ചാഹലിനോ പകരക്കാരനെ തേടുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആദ്യം അശ്വിനെ തെരഞ്ഞെടുക്കും. അശ്വിന്റെ മത്സരക്ഷമതയും പരിചയസമ്പത്തും ഇന്ത്യയുടെ നിരവധി കിരീട നേട്ടങ്ങളില്‍ വഹിച്ചിട്ടുള്ള പങ്കും ലോകകപ്പില്‍ ഇന്ത്യക്ക് തീര്‍ച്ചയായും ഗുണം ചെയ്യുമെന്നും ഗംഭീര്‍ പറഞ്ഞു.

2017 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അശ്വിന്‍ ഇന്ത്യക്കായി അവസാനം ഏകദിനം കളിച്ചത്. ഇതിനുശേഷം കുല്‍ദീപും ചാഹലും ഇന്ത്യയുടെ മുന്‍നിര സ്പിന്നര്‍മാരായാതോടെ അശ്വിനെ സെലക്ടര്‍മാര്‍ ടെസ്റ്റിലേക്ക് മാത്രമാണ് പരിഗണിക്കുന്നത്.

click me!