അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ താരം സ്മൃതി മന്ദാന ചരിത്രം കുറിച്ചു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരവും ലോകത്തിലെ നാലാമത്തെ താരവുമാണ് സ്മൃതി.
തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് സ്മൃതി മന്ദാന. 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വനിതാ താരമെന്ന റെക്കോര്‍ഡാണ് സ്മൃതി കാര്യവട്ടത്ത് സ്വന്തമാക്കിയത്. യഥാര്‍ത്ഥത്തില്‍ കാര്യവട്ടം കാത്തിരുന്നത് സ്മൃതി മന്ദാനയുടെ ബാറ്റിംഗ് വിരുന്നിനായിരുന്നു. രണ്ടുദിവസം മുന്‍പ് ഒറ്ററണ്ണിന് പുറത്തായതിന് സ്മൃതി കണക്ക് തീര്‍ത്തപ്പോള്‍ ലങ്കന്‍ ബൗളര്‍മാരുടെ പിടിവിട്ടു. വ്യക്തിഗത സ്‌കോര്‍ ഇരുപത്തിയേഴില്‍ എത്തിയപ്പോള്‍ ഇടംകൈയന്‍ ഓപ്പണര്‍ പതിനായിരം റണ്‍സ് ക്ലബില്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മിതാലി രാജിന് ശേഷം പതിനായിരം റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം. ലോക വനിതാ ക്രിക്കറ്റിലെ നാലാമത്തെ താരവും. മുന്‍ ന്യൂസിലന്‍ഡ് താരം സൂസി ബേറ്റ്‌സ് (10,652), മുന്‍ ഇംഗ്ലണ്ട് താരം ചാര്‍ലോട്ട് എഡ്വേര്‍ഡ്‌സ് (10,273) എന്നിവരാണ് 10,000 ക്ലബിലെത്തിയ മറ്റുതാരങ്ങള്‍. 48 പന്തില്‍ 11 ഫോറും മൂന്ന് സിക്‌സുമടക്കം സ്മൃതി നേടിയത് 80 റണ്‍സ്. ഒന്നാം വിക്കറ്റില്‍ ഷെഫാലി വര്‍മ്മയ്‌ക്കൊപ്പം നേടിയ 162 റണ്‍സിന്റെ കൂട്ടുകെട്ടും റെക്കോര്‍ഡ്.
ഏഴ് ടെസ്റ്റില്‍ 629 റണ്‍സും 117 ഏകദിനത്തില്‍ 5322 റണ്‍സും 157 ട്വന്റി 20യില്‍ 4102 റണ്‍സുമാണ് സ്മൃതിയുടെ പേരിനൊപ്പമുള്ളത്. പതിനായിരം റണ്‍സ് ക്ലബില്‍ എത്തിയത് 280 ഇന്നിംഗ്‌സില്‍. 291 ഇന്നിംഗ്‌സില്‍ പതിനായിരം റണ്‍സില്‍ എത്തിയ മിതാലി രാജ് ആകെ 10868 റണ്‍സ് നേടിയിട്ടുണ്ട്.
ശ്രീലങ്കയ്‌ക്കെതിരെ നാലാം ഏകദിനത്തില്‍ 30 റണ്‍സിന് ജയിച്ചിരുന്നു ടീം. 222 റണ്‍സിന്റെ വമ്പന്‍ ലക്ഷ്യം തേടിയിറങ്ങിയ ലങ്കയുടെ പോരാട്ടം 191 ല്‍ അവസാനിച്ചു. നായകന്‍ ചമാരു അട്ടപ്പട്ടു അര്‍ധ സെഞ്ചുറിയോടെ പോരാടിയെങ്കിലും ജയം അകലെയായിരുന്നു. ലോകജേതാക്കളുടെ പകിട്ടോടെ തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ വനിതകള്‍ക്ക് 30 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമായത്. ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ സ്മൃതി മന്ദാനയുടെയും ഷെഫാലി വര്‍മയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. സ്മൃതി (48 പന്തില്‍ 80), ഷെഫാലി (46 പന്തില്‍ 79), റിച്ച ഘോഷ് (16 പന്തില്‍ 40*) എന്നിവരാണ് തിളങ്ങിയത്.
കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയവും പരമ്പരയിലെ തുടച്ചയായ നാലാം ജയവുമാണ്. നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ ഇന്നത്തെ ജയത്തോടെ 4-0 എന്ന നിലയില്‍ കുതിക്കുകയാണ്. അവസാന മത്സരത്തിനും നാളെ കാര്യവട്ടം വേദിയാകും.

