
പോര്‍ട്ട് എലിസബത്ത്: ഏകദിനത്തില്‍ വേഗത്തില്‍ 27 സെഞ്ചുറികള്‍ തികച്ച താരമെന്ന നേട്ടത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ മറികടന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല. കോലി 169 ഇന്നിംഗ്‌സുകളില്‍ നേട്ടത്തിലെത്തിയപ്പോള്‍ അംല 167-ാം ഇന്നിംഗ്‌സില്‍ 27-ാം സെഞ്ചുറി കണ്ടെത്തി. പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തിലാണ് അംലയുടെ ബാറ്റ് ചരിത്രം തിരുത്തിയത്.
ഇരുപത്തിയേഴ് സെഞ്ചുറികള്‍ നേടുന്ന അഞ്ചാം താരമാണ് അംല. 2017ലായിരുന്നു അവസാനമായി അംല നൂറ് റണ്‍സ് കണ്ടെത്തിയത്. പോര്‍ട്ട് എലിസബത്തില്‍ 120 പന്തില്‍ അംല 108 റണ്‍സെടുത്തു. പുനെയില്‍ ഇംഗ്ലണ്ടിനെതിരെ 2017 ജനുവരിയിലായിരുന്നു കോലി 27-ാം സെഞ്ചുറി നേടിയത്. അന്ന് 122 റണ്‍സ് കോലി അടിച്ചുകൂട്ടി. ഇപ്പോള്‍ 39 സെഞ്ചുറികള്‍ കോലിയുടെ പേരിലുണ്ട്. കോലിയുടെ റെക്കോര്‍ഡുകള്‍ മുന്‍പും അംല മറികടന്നിട്ടുണ്ട്.
എന്നാല്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റിന് ജയിച്ചു. ദക്ഷിണാഫ്രിക്കയുടെ 266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ അഞ്ച് പന്തുകൾ ശേഷിക്കെ ലക്ഷ്യം മറികടന്നു. ഇമാമുൾ ഹക്ക്, ഹഫീസ് എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പാക് വിജയം എളുപ്പമാക്കിയത്. ഇമാമുൾ ഹഖ് 86 റൺസ് നേടി. ഹഫീസ് പുറത്താകെ 71 റൺസ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!