കേരളത്തിന് മുന്നറിയിപ്പുമായി ഉമേഷ് യാദവ്; കേരള പേസര്‍മാരെ പേടിക്കണമെന്ന് വിദര്‍ഭ നായകന്‍

By Web TeamFirst Published Jan 19, 2019, 11:00 PM IST
Highlights

ക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡിനെതിരെ 113 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം ഉമേഷ് യാദവാണ് കൂട്ടത്തില്‍ അപകടകാരി. രണ്ടാം ഇന്നിംഗ്സില്‍ 23 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഉമേഷിന്റെ പ്രകടനം കേരളത്തിനുള്ള മുന്നറിയിപ്പാണ്.

കല്‍പ്പറ്റ: രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭയെ നേരിടാനിറങ്ങുമ്പോള്‍ കേരളം ഏറ്റവും കൂടുതല്‍ ഭയക്കേണ്ടത് വിദര്‍ഭയുടെ ബൗളിംഗ് കരുത്തിനെ. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പേസര്‍മാരുടെ പ്രകടനം നിര്‍ണായകമാകുമെന്നുറപ്പ്. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ കേരളം എറിഞ്ഞിട്ട് പേസര്‍മാരായ സന്ദീപ് വാര്യരുടെയും ബേസില്‍ തമ്പിയുടെയും മികവിലായിരുന്നു. പേസിനെ തുണക്കുന്ന പിച്ചില്‍ വിദര്‍ഭ പേസര്‍മാരായ ഉമേഷ് യാദവിനെയും രജനീഷ് ഗുര്‍ബാനിയെയുമാണ് കേരളത്തിന് നേരിടാനുള്ളത്.

ക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡിനെതിരെ 113 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം ഉമേഷ് യാദവാണ് കൂട്ടത്തില്‍ അപകടകാരി. രണ്ടാം ഇന്നിംഗ്സില്‍ 23 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഉമേഷിന്റെ പ്രകടനം കേരളത്തിനുള്ള മുന്നറിയിപ്പാണ്. ഓസ്ട്രേലിയയില്‍ തിളങ്ങാനായില്ലെങ്കിലും ഉമേഷ് വിദര്‍ഭക്കായി മിന്നുന്ന ഫോമിലാണ്. ഉമേഷിനും ഗുര്‍ബാനിക്കും പുറമെ ഇടംകൈയന്‍ സ്പിന്നര്‍ ആദിത്യ സര്‍വതെയുടെ പ്രകടനവും കേരളത്തിന് ഭീഷണിയാണ്. ഒമ്പത് കളികളില്‍ 44 വിക്കറ്റാണ് ഈ സീസണില്‍ സര്‍വതെയുടെ ഇതുവരെയുള്ള സമ്പാദ്യം. വിദര്‍ഭക്കായി ഈ സീസണില്‍ ഏറ്റവുമധികം വിക്കറ്റെടുത്തതും സര്‍വതെ തന്നെ.

എന്നാല്‍ കേരളത്തെ എളുപ്പത്തില്‍ കീഴടക്കാനാവില്ലെന്ന് വിദര്‍ഭ നായകന്‍ ഫൈസ് ഫസല്‍ പറഞ്ഞു. കേരളത്തിന്റെ പേസര്‍മാരെ ഭയക്കണമെന്നും ഉത്തരാഖണ്ഡിനെതിരായ മത്സരശേഷം ഫസല്‍ പറഞ്ഞു. കേരളത്തിന്റെ ചില കളികള്‍ കണ്ടിരുന്നുവെന്നും എതിരാളികള്‍ക്കുമേല്‍ നാശം വിതയ്ക്കാന്‍ കെല്‍പ്പുള്ള ബൗളിംഗ് ലൈനപ്പാണ് കേരളത്തിന്റേതെന്നും ഫസല്‍ പറഞ്ഞു. സെമിയില്‍ സഞ്ജു സാംസണ്‍ കളിക്കുന്നില്ലെങ്കിലും കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും ഫസല്‍ പറഞ്ഞു.

click me!