സംഘര്‍ഷ സാഹചര്യത്തില്‍ ഇന്ന് നടക്കേണ്ട പാകിസ്ഥാൻ എ ടീമും ഇംഗ്ലണ്ട് എ ടീമും തമ്മിൽ നടക്കേണ്ടിയിരുന്ന ഏകദിന മത്സരം സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി.

ദുബായ്: മധ്യേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ യുഎഇയിൽ കുടുങ്ങിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ നാട്ടിലെത്തിക്കണമെന്ന അപേക്ഷയുമായി പ്രമുഖ താരം ജോണി ബെയർസ്റ്റോ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറോട് സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ അഭ്യർത്ഥന നടത്തിയത്.

ഇംഗ്ലണ്ട് ലയൺസ് ടീമിനൊപ്പം പരിശീലകന്‍റെ റോളിൽ അബുദാബിയിലുള്ള ബെയർസ്റ്റോ, നിലവിലെ സംഘർഷാവസ്ഥയിൽ ടീമിന്‍റെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പ്രധാനമന്ത്രി ശനിയാഴ്ച പങ്കുവെച്ച ഒരു പ്രസ്താവനയ്ക്ക് മറുപടിയായി, "ഞങ്ങളെ എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിക്കാമോ?, എന്ന് ബെയർസ്റ്റോ എക്സിൽ കുറിച്ചു.

Scroll to load tweet…

ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതിനെത്തുടർന്ന് അബുദാബിയിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്ഫോടനങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷ സാഹചര്യത്തില്‍ ഇന്ന് നടക്കേണ്ട പാകിസ്ഥാൻ എ ടീമും ഇംഗ്ലണ്ട് എ ടീമും തമ്മിൽ നടക്കേണ്ടിയിരുന്ന ഏകദിന മത്സരം സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി.

അബുദാബിയിൽ മിസൈൽ ഭീഷണിയുണ്ടെന്നും ജനലുകളിൽ നിന്ന് വിട്ടുനിൽക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും താമസക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാസ് ഐലന്‍ഡിന് മുകളിൽ യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) വ്യക്തമാക്കി. താരങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുമെന്നും ഇസിബി വ്യക്തമാക്കി.

അബുദാബിയിലെ അൽ ദാഫ്ര എയർബേസ് യുഎസ് സൈന്യവും ഉപയോഗിക്കുന്നതിനാൽ ഈ പ്രദേശം കടുത്ത ഭീഷണിയിലാണ്. ദുബായിലെ ജെബൽ അലി തുറമുഖവും ലക്ഷ്യമിടാൻ സാധ്യതയുള്ളതിനാൽ മേഖലയിൽ വലിയ ജാഗ്രതയാണ് തുടരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക