ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റ്: ലാഥത്തിനും നിക്കോള്‍സിനും സെഞ്ചുറി; കീവിസിന് കൂറ്റന്‍ ലീഡ്

By Web TeamFirst Published Dec 28, 2018, 11:27 AM IST
Highlights

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ 585ന് ഡിക്ലയര്‍ ചെയ്ത കിവീസ് ഒന്നാകെ 659 റണ്‍സിന്റെ ലീഡ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ തുടക്കവും പാളി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ക്ക് 24 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്.

ക്രൈസ്റ്റ്ചര്‍ച്ച്‌: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ 585ന് ഡിക്ലയര്‍ ചെയ്ത കിവീസ് ഒന്നാകെ 659 റണ്‍സിന്റെ ലീഡ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ തുടക്കവും പാളി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ക്ക് 24 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. ദിമുത് കരുണാരത്‌നെ (0), ധനുഷ്‌ക ഗുണതിലക (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ദിനേശ് ചാണ്ഡിമല്‍ (14), കുശാല്‍ മെന്‍ഡിസ് (6) എന്നിവരാണ് ക്രീസില്‍. ട്രന്റ് ബൗള്‍ട്ട്, ടിം സൗത്തി എന്നിവര്‍ വിക്കറ്റ് പങ്കിട്ടു.  നേരത്തെ ടോം ലാഥം (176), ഹെന്റി നിക്കോള്‍സ് (162*) എന്നിവരുടെ സെഞ്ചുറികളാണ് കിവീസിന് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്.

രണ്ടിന് 231 എന്ന നിലയിലാണ് കിവീസ് മൂന്നാം ദിനം ആരംഭിച്ചത്. അധികം വൈകാതെ ലാഥം സെഞ്ചുറി  പൂര്‍ത്തിയാക്കി. 40 റണ്‍സുമായി റോസ് ടെയ്‌ലര്‍ മടങ്ങിയെങ്കിലും നിക്കോള്‍സിന്റെ ഇന്നിങ്‌സും കിവീസിന് കെട്ടുറപ്പുള്ള ലീഡ് സമ്മാനിച്ചു. 214 റണ്‍സാണ് നിക്കോള്‍സ്- ലാഥം സഖ്യം കൂട്ടിച്ചേര്‍ത്തത്. ലാഥം പുറത്തായെങ്കിലും ഗ്രാന്‍ഡ്‌ഹോമിന്റെ വെടിക്കെട്ട് ബാറ്റിങ് (45 പന്തില്‍ 71) ലങ്കയെ ഏറെ വിഷമത്തിലാക്കി. ലങ്കയ്ക്ക് വേണ്ടി ലാഹിരു കുമാര രണ്ട് വിക്കറ്റ് വീഴ്ത്തി. ഓപ്പണര്‍ ജീത് റാവല്‍ (74), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (48) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 

നേരത്തെ, ട്രന്റ് ബൗള്‍ട്ടിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് തകര്‍ത്തത്. 15 പന്തുകള്‍ക്കിടെ ആറ് വിക്കറ്റാണ് ബൗള്‍ട്ട് പിഴുതത്. അതും നാല് റണ്‍ മാത്രം വിട്ടുകൊടുത്ത്. മൊത്തത്തില്‍ 15 ഓവറില്‍ 30 റണ്‍ മാത്രം വിട്ടുനല്‍കിയാണ് ബൗള്‍ട്ട് ആറ് വിക്കറ്റ് സ്വന്തമാക്കിയത്. 

88ന് നാല് എന്ന നിലയിലാണ് സന്ദര്‍ശകരായ ശ്രീലങ്ക രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ 16 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ആറും നേടിയത് ബൗള്‍ട്ട. ആദ്യദിവസം ടിം സൗത്തി മൂന്നും കോളിന്‍ ഗ്രാന്‍ഡ്ഹോം ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. ഇന്ന് ആദ്യം നഷ്ടമായത് റോഷന്‍ സില്‍വ (21)യുടെ വിക്കറ്റാണ്. പിന്നാലെ 38ാം ഓവറിന്റെ ആദ്യ പന്തില്‍ നിരോഷന്‍ ഡിക്വെല്ല (4)യേയും ബൗള്‍ട്ട് മടക്കിയയച്ചു. ആ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ കൂടി ബൗള്‍ട്ട് സ്വന്തമാക്കി. ദില്‍റുവാന്‍ പെരേര (0), സുരംഗ ലക്മല്‍ (0) എന്നിവരാണ് മടങ്ങിയത്. 

സൗത്തിയുടെ ഓരോവറിന് ശേഷം വീണ്ടും പന്തെറിയാനെത്തിയ ബൗള്‍ട്ട് രണ്ട് വിക്കറ്റുകള്‍ കൂടി നേടി. ദുശമന്ദ ചമീര (0), ലാഹിരു കുമാര (0) എന്നിവരേയാണ് ബൗള്‍ട്ട് മടക്കിയത്. എയ്ഞ്ചലോ മാത്യൂസ് (33) പുറത്താവാതെ നിന്നു. മാത്യൂസ് തന്നെയാണ് ടോപ് സ്‌കോററും. ലങ്കയുടെ എട്ട് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. ഇന്നലെ ധനുഷ്‌ക ഗുണതിലക (8), ദിമുദ് കരുണാരത്‌നെ (7), ദിനേശ് ചാണ്ഡിമല്‍ (6), കുശാല്‍ മെന്‍ഡിസ് (15) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മെന്‍ഡിസിനെ ഗ്രാന്‍ഡ്‌ഹോം പുറത്താക്കിയപ്പോള്‍ ബാക്കി മൂന്ന് വിക്കറ്റുകള്‍ സൗത്തി വീഴ്ത്തി. നേരത്തെ, സൗത്തിയുടെ അര്‍ധ സെഞ്ചുറിയാണ് കിവീസിനെ 150 കടത്തിയത്.

ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനെ 178ന് പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് സുരംഗ ലക്മലിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുമ്പ് ബാറ്റ് താഴ്ത്തുകയായിരുന്നു. 68 റണ്‍സ് നേടിയ വാലറ്റക്കാരന്‍ ടിം സൗത്തിയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. വാട്‌ലിങ് 46 റണ്‍സെടുത്തു. ലക്മലിന് പുറമെ ലാഹിരു കുമാര മൂന്ന് വിക്കറ്റ് വീഴ്ത്തി.  

സ്‌കോര്‍ ബോര്‍ഡില്‍ 64 റണ്‍സ് മാത്രമുള്ളപ്പോള്‍ ആതിഥേയര്‍ക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. ജീത് റാവല്‍ (6), ടോം ലാഥം (10), കെയ്ന്‍ വില്യംസണ്‍ (2), റോസ് ടെയ്‌ലര്‍ (27), ഹെന്റി നിക്കോള്‍സ് (1), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (1) എന്നിവര്‍ പവലിയനിലേക്ക് മടങ്ങി. പിന്നീട് ഒത്തുചേര്‍ന്ന വാട്‌ലിങ്- സൗത്തി സഖ്യം കൂട്ടിച്ചേര്‍ത്ത 108 റണ്‍സാണ് കിവീസിന് തുണയായത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സൗത്തി ആറ് ബൗണ്ടറിയും മൂന്ന് സിക്‌സും നേടി. നാല് ഫോറ് ഉള്‍പ്പെടുന്നതായിരുന്നു വാട്‌ലിങ്ങിന്റെ ഇന്നിങ്‌സ്. എന്നാല്‍ സൗത്തിയെ പുറത്താക്കി ദില്‍റുവാന്‍ പെരേര ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ വാലറ്റക്കാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചതുമില്ല. നീല്‍ വാഗ്നര്‍ (0) അജാസ് പട്ടേല്‍ (2), വാട്‌ലിങ് എന്നിവരും പുറത്തായതോടെ കിവീസ് കൂടാരം കയറി.

click me!