വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെതിരെ കേരളത്തിന് 344 റണ്‍സ് വിജയലക്ഷ്യം. കരണ്‍ ലാംബയുടെ (119*) സെഞ്ചുറിയും ദീപക് ഹൂഡയുടെ (86) അര്‍ധസെഞ്ചുറിയുമാണ് രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ കേരളത്തിന് 344 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാന് വേണ്ടി കരണ്‍ ലാംബ 131 പന്തില്‍ പുറത്താവാതെ 119 റണ്‍സ് നേടിയ. ദീപക് ഹൂഡ (83 പന്തില്‍ 86) മികച്ച പ്രകടനം പുറത്തെടുത്തു. ഏഴ് വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമയാത്. ഷറഫുദ്ദീന്‍ കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മധ്യ പ്രദേശിനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് കേരളം ഇറങ്ങിയത്. കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടിലും കേരളം പരാജയപ്പെട്ടിരുന്നു.
അത്ര നല്ലതായിരുന്നില്ല രാജസ്ഥാന്റെ തുടക്കം. 47 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍മാരായ ആദിത്യ റാത്തോര്‍ (25) - ആര്‍ ബി ചൗഹാന്‍ (15) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് കരണ്‍ - ഹൂഡ സഖ്യം 171 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് രാജസ്ഥാന് മുതല്‍ക്കൂട്ടായത്. 35-ാം ഓവറില്‍ മാത്രമാണ് കേരളത്തിന് കൂട്ടുകെട്ട് പൊളിക്കാനായത്. ഹൂഡയെ സ്വന്തം പന്തില്‍ ബാബ അപാരാജിത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. തുടര്‍ന്നെത്തിയ മഹിപാല്‍ ലോംറോര്‍ (9), സമര്‍പിത് ജോഷി (12), കുക്‌ന അജയ് സിംഗ് (23), മാനവ് സുതര്‍ (21) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അശോക് ശര്‍മ (1) പുറത്താവാതെ നിന്നു. ഇതിനിടെ കരണ്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കരണിന്റെ ഇന്നിംഗ്‌സ്.
കേരളം: രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, അങ്കിത് ശര്‍മ, ബാബ അപരാജിത്ത്, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ്, ഏദന്‍ ആപ്പിള്‍ ടോം, മുഹമ്മദ് ഷറഫുദ്ദീന്‍, എം ഡി നിധീഷ്, വിഘ്‌നേഷ് പുത്തൂര്‍.

