ദ്രാവിഡ് എന്തുകൊണ്ട് ഇന്ത്യന്‍ കോച്ചാകാനുള്ള വാഗ്ദാനം സ്വീകരിച്ചില്ല

By Web DeskFirst Published Jun 25, 2016, 10:30 AM IST
Highlights

മുംബൈ: അനില്‍ കുംബ്ലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകന്‍. 57 പേരില്‍ നിന്നും സച്ചിനും ഗാംഗുലിയും ലക്ഷ്മണനും അടങ്ങുന്ന ഉപദേശക സമിതി തെരഞ്ഞെടുത്തയാളാണ് അനില്‍ കുബ്ലെ. എന്നാല്‍ കോച്ചിന് അപേക്ഷ ക്ഷണിക്കും മുന്‍പ് എതിരാളികള്‍ ഇല്ലാതെ ഒരാളെ ബിസിസിഐ ഈ സ്ഥാനത്തേക്ക് ക്ഷണിച്ചിരുന്നു, എന്നാല്‍ അദ്ദേഹം കൃത്യമായ കാരണങ്ങള്‍ പറഞ്ഞ് വാഗ്ദാനം നിരസിച്ചു. അത് മറ്റാരുമല്ല ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്.

കോച്ചാകാന്‍ ദ്രാവിഡിനെ സമീപിച്ചതിനെ കുറിച്ച് ബിസിസിഐ പ്രസിഡണ്ട് അനുരാഗ് താക്കൂര്‍ തന്നെ വ്യക്തമാക്കി. 'ഇന്ത്യന്‍ ടീമിന്‍റെ കോച്ചാകാന്‍ രാഹുലിനോട് അപേക്ഷിച്ചിരുന്നു, എന്നാല്‍ ജൂനിയര്‍ ടീമിനൊപ്പം നില്‍ക്കാനാണ് ആഗ്രഹമെന്ന് രാഹുല്‍ മറുപടി നല്‍കി. അതാണ് തനിക്ക് പറ്റിയ ജോലിയെന്ന നിഗമനത്തിലായിരുന്നു അദ്ദേഹം. 
സീനിയര്‍ ടീം പോസ്റ്റിലും പണത്തിലും രാഹുലിന് താല്‍പ്പര്യമില്ലായിരുന്നു. സീനിയര്‍ ടീമിനേക്കാള്‍ ജൂനിയര്‍ ടീമിനെ പരിശീലിപ്പിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്'. വലിയ തുക പണമായി വാഗ്ദാനം ചെയ്‌തെങ്കിലും ഓഫര്‍ നിഷേധിച്ചെന്നും അനുരാഗ് താക്കൂര്‍ ഒരു ദേശീയ മാധ്യമത്തോട് പറയുന്നു.

'ഹൃസ്വകാല അസൈന്‍മെന്റുകളാണ് എനിക്ക് ചെയ്യാന്‍ സാധിക്കൂ. ദീര്‍ഘക്കാലം വീട്ടില്‍ നിന്നും മാറിനില്‍ക്കാന്‍ സാധിക്കില്ല'  എന്നായിരുന്നു ദേശീയ മാധ്യമത്തോട് ഇതേക്കുറിച്ച് രാഹുല്‍ പ്രതികരിച്ചത്.

രാഹുലിന്‍റെ പരിശീലനത്തിന് കീഴില്‍ മികച്ച പ്രകടനമാണ് അണ്ടര്‍ 19 ടീം പുറത്തെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകകപ്പില്‍ ഫൈനല്‍ വരെ ടീമിനെ എത്തിക്കാന്‍ രാഹുല്‍ ദ്രാവിഡിന് സാധിച്ചു.

click me!