ചോദിച്ച തുക കിട്ടിയില്ല, ഒപ്പം ബിസിസിഐക്ക് ഇങ്ങോട്ട് പണം കൊടുക്കണം; പിസിബിക്ക് വന്‍ തിരിച്ചടി

By Web TeamFirst Published Dec 19, 2018, 10:14 PM IST
Highlights

ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരകളില്‍ നിന്ന് ഇന്ത്യ പിന്മാറിയതിനാല്‍ സാമ്പത്തിക ബാധ്യയുണ്ടായെന്ന് കാണിച്ച് നഷ്ടപരിഹാരത്തിനായി ഐസിസിയെ സമീപിച്ച പാക്കിസ്ഥാന് തിരിച്ചടി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ നല്‍കിയ ഹര്‍ജി ഐസിസി നേരത്തെ തള്ളിയിരുന്നു.

ദുബൈ: ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരകളില്‍ നിന്ന് ഇന്ത്യ പിന്മാറിയതിനാല്‍ സാമ്പത്തിക ബാധ്യയുണ്ടായെന്ന് കാണിച്ച് നഷ്ടപരിഹാരത്തിനായി ഐസിസിയെ സമീപിച്ച പാക്കിസ്ഥാന് തിരിച്ചടി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ നല്‍കിയ ഹര്‍ജി ഐസിസി നേരത്തെ തള്ളിയിരുന്നു. ഇപ്പോള്‍ ഈ ഹര്‍ജിയുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്കായി ചെലവായ തുക പിസിബിയില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട ബിസിസിഐയ്ക്ക് അനുകൂലമായി ഐസിസി തീരുമാനമെടുക്കുകയും ചെയ്തു.

ബിസിസിഐ ആവശ്യപ്പെട്ട തുകയുടെ അറുപത് ശതമാനം നല്‍കണമെന്നാണ് ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരമ്പരയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍, പരമ്പര നടത്താമെന്നുള്ള ധാരണയില്‍ നിന്ന് ഇന്ത്യ പിന്മാറിയത് തങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന് കാണിച്ചാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിച്ചത്. ബിസിസിഐയില്‍ നിന്ന് 70 മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു ഹര്‍ജി.

ഇതോടെ പരാതിയില്‍ അന്വേഷണം നടത്തിയ ശേഷം ഐസിസി പാക്കിസ്ഥാന്റെ ഹര്‍ജി നവംബറില്‍ തള്ളി. ഇതോടെ നിയമനടപടികള്‍ക്കായി തങ്ങള്‍ക്ക് ചെലവായ തുക ലഭിക്കണമെന്ന ആവശ്യവുമായി ബിസിസിഐ ഐസിസിയുടെ തര്‍ക്ക പരിഹാര സമിതിയെ സമീപിച്ചു. ഈ പരാതിയിലാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്. ആവശ്യപ്പെട്ട തുകയുടെ 60 ശതമാനം നല്‍കണമെന്നാണ് ഐസിസി പിസിബിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

 

click me!