ടെസ്റ്റ് റാങ്കിംഗ്:ഒന്നാം സ്ഥാനം സുരക്ഷിതമാക്കി കോലി; അശ്വിന് ഭീഷണിയായി ലിയോണ്‍

By Web TeamFirst Published Dec 20, 2018, 2:51 PM IST
Highlights

 ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ രണ്ട് ടെസ്റ്റിലെ മിന്നുന്ന പ്രകടനത്തോടെ ഓസീസിന്റെ നഥാന്‍  ലിയോണ്‍ ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ ഏഴാം സ്ഥാനത്തെത്തി.

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പോയവാരം റാങ്കിംഗില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസന്റെ കുതിപ്പു കണ്ടപ്പോള്‍ പെര്‍ത്ത് ടെസ്റ്റിലെ സെഞ്ചുറി കോലിയെ ബഹുദൂരം മുന്നിലെത്തിച്ചു. 934 റേറ്റിംഗ് പോയന്റുമായാണ് കോലി ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയത്. 915 റേറ്റിംഗ് പോയന്റുമായി വില്യാംസണ്‍ രണ്ടാം സ്ഥാനത്താണ്. ചേതേശ്വര്‍ പൂജാര നാലാം സ്ഥാനം നിലനിര്‍ത്തി. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അജിങ്ക്യാ രഹാനെ പതിനഞ്ചാം സ്ഥാനത്താണ്.

മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് മൂന്നാം സ്ഥാനത്ത്. അതേസമയം, ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ രണ്ട് ടെസ്റ്റിലെ മിന്നുന്ന പ്രകടനത്തോടെ ഓസീസിന്റെ നഥാന്‍  ലിയോണ്‍ ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ ഏഴാം സ്ഥാനത്തെത്തി. 766 റേറ്റിംഗ് പോയന്റുള്ള ലിയോണ്‍ 778 റേറ്റിംഗ് പോയന്റുമായി ആറാം സ്ഥാനത്തുളള അശ്വിന് തൊട്ടുപിന്നിലാണ്.

രവീന്ദ്ര ജഡേജ അഞ്ചാം സ്ഥാനത്തുണ്ട്. പെര്‍ത്ത് ടെസ്റ്റിലെ ആറു വിക്കറ്റ് പ്രകടനത്തോടെ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ മുഹമ്മദ് ഷാമി 21-ാം സ്ഥാനത്തെത്തി. ജസ്പ്രീത് ബൂമ്ര അ‍ഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 28-ാം റാങ്കിലെത്തി. ഇഷാന്ത് ശര്‍മ ഒരു സ്ഥാനം ഉയര്‍ന്ന് 26-ാം റാങ്കിലാണിപ്പോള്‍.

click me!