ഐസിസി റാങ്കിംഗ്: കുല്‍ദീപിന് ചരിത്രനേട്ടം

By Web TeamFirst Published Feb 11, 2019, 6:32 PM IST
Highlights

കുല്‍ദീപ് കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ രണ്ടാം സ്ഥാനത്തെത്തി. റാങ്കിംഗിലെ ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ ആരുമില്ല.

ദുബായ്: ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ചൈനാമെന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ചരിത്ര നേട്ടം. ന്യൂസിലന്‍‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ മാത്രം കളിച്ച കുല്‍ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതിനുശേഷം പുറത്തിറങ്ങിയ റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ കുല്‍ദീപ് കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ രണ്ടാം സ്ഥാനത്തെത്തി. റാങ്കിംഗിലെ ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ ആരുമില്ല.

അഫ്ഗാന്റെ റഷീദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിന്റെ മിച്ചല്‍ സാന്റ്നറാണ് റാങ്കിംഗില്‍ കുതിച്ചുച്ചാട്ടം നടത്തിയ മറ്റൊരു സ്പിന്നര്‍. നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സാന്റ്നര്‍ പത്താം റാങ്കിലെത്തി. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യയുടെ ക്രനാല്‍ പാണ്ഡ്യ 39 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 58-ാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡിന്റെ ടിം സൗത്തി ഏഴ് സ്ഥാനങ്ങള്‍ ഉയര്‍ന്ന് മുപ്പതാം റാങ്കിലെത്തിയപ്പോള്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ ഇമാദ് വാസിം അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് നാലാം സ്ഥാനത്തെത്തി.

ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശീഖര്‍ ധവാനുമാണ് നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. രോഹിത് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ധവാന്‍ 11-ാം സ്ഥാനത്തെത്തി. പാക്കിസ്ഥാന്റെ ബാബര്‍ അസമാണ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ കെ എല്‍ രാഹുല്‍ പത്താം സ്ഥാനത്തേക്ക് വീണപ്പോള്‍ പരമ്പരയില്‍ കളിക്കാതിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി പത്തൊമ്പതാം സ്ഥാനത്തായി.ടീം റാങ്കിംഗില്‍ ഇന്ത്യ പാക്കിസ്ഥാന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.

click me!