ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യ വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ

By Web DeskFirst Published Jul 21, 2017, 9:54 AM IST
Highlights

കരുത്തരായ ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യ വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ പ്രവേശിച്ചു. 36 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഹര്‍മൻപ്രീത് കൗറിന്‍റെ സൂപ്പര്‍ സെഞ്ച്വറിയാണ് നീലപ്പടക്ക് മിന്നും ജയം സമ്മാനിച്ചത്.

മഴയ്ക്ക് ശേഷമെത്തിയ കൗര്‍ കൊടുങ്കാറ്റിൽ ഓസ്ട്രേലിയ തകര്‍ന്നടിഞ്ഞു. ലോകചാമ്പ്യന്മാരെ അടിച്ചുചുരുട്ടിയ ഇന്ത്യ കലാശപ്പോരാട്ടത്തിനായി ലോര്‍ഡ്സിലേക്കും.
സെമി പോരാട്ടത്തിൽ 36 റണ്‍സിനാണ് ആറ് വട്ടം ലോകചാന്പ്യന്മാരായ കങ്കാരുക്കളെ നീലപ്പട തോൽപ്പിച്ചത്.

മഴമൂലം 42 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയുടെ തുടക്കം നിറമുള്ളതായിരുന്നില്ല. സ്കോര്‍ 35ൽ എത്തിയപ്പോഴേക്കും സ്മൃതിയും  പൂനം റൗത്തും കൂടാരത്തിൽ തിരിച്ചെത്തി.

അതിനു ശേഷം ആകെ ഒരു ഹര്‍മൻ പ്രീത് മയമായിരുന്നു. ഓസീസ് ബൗളര്‍മാരെ അടിച്ചുപരത്തിയ കൗര്‍ അടിച്ചുകൂട്ടിയത് 115 പന്തിൽ പുറത്താകാതെ 171 റണ്‍സ്. 20 ഫോറുകളും 7 സിക്സറുകളും ഈ 28കാരിയുടെ ഐതിഹാസിക ഇന്നിംഗ്സിന് ചന്തമേകി.ക്യാപ്റ്റൻ മിതാലിയും വേദ കൃഷ്ണമൂര്‍ത്തിയും ,ദീപ്തിയും കൂട്ടുചേര്‍ന്നപ്പോൾ ഇന്ത്യ 4ന് 281 എന്ന കൂറ്റൻ സ്കോറിലെത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തിലെ പിഴച്ചു. സ്കോര‍ 21ലെത്തിയപ്പോഴേക്കും മൂന്ന് വിക്കറ്റുകൾ വീണു. പിന്നെ എല്ലിസ് പെറിയും വില്ലാനിയും ബ്ലാക്ക്‍വെല്ലും പൊരുതി നോക്കിയെങ്കിലും കങ്കാരുപ്പട പാതിയിൽ വീണു.  23ന് നടക്കുന്ന കലാശക്കളിയിൽ ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.

click me!