റെക്കോര്‍ഡ് കൂട്ടുകെട്ടുമായി പന്തും ജഡേജയും; ഓസീസ് വീരഗാഥ പഴങ്കഥ

By Web TeamFirst Published Jan 4, 2019, 12:06 PM IST
Highlights

സിഡ്‌നിയില്‍ റിഷഭ് പന്തും രവീന്ദ്ര ജഡേജയും സൃഷ്ടിച്ചത് റെക്കോര്‍ഡ് കൂട്ടുകെട്ട്. ഏഴാം വിക്കറ്റില്‍ 204 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്.

സിഡ്‌നി: ഇന്ത്യ- ഓസീസ് അവസാന ടെസ്റ്റില്‍ റിഷഭ് പന്തും രവീന്ദ്ര ജഡേജയും സൃഷ്ടിച്ചത് റെക്കോര്‍ഡ് കൂട്ടുകെട്ട്. ഏഴാം വിക്കറ്റില്‍ 204 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റില്‍ ഏഴാം വിക്കറ്റില്‍ ഏതൊരു ടീമിന്‍റെയും ഉയര്‍ന്ന സ്‌കോറാണിത്. 

മെല്‍ബണില്‍ 1983ല്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ഗ്രഹാം ലൂപ്പും ഗ്രെഗ് മാത്യൂസും നേടിയ 185 റണ്‍സിന്‍റെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. പൂജാര പുറത്തായശേഷം ഇന്ത്യ ആറ് വിക്കറ്റിന് 418 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഇരുവരും ക്രീസില്‍ ഒന്നിച്ചത്. ഈ കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 622 റണ്‍സ് വരെ നീണ്ടുനിന്നു. 

ജഡേജ 81 റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പന്ത് 159 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരട്ട സെഞ്ചുറിക്ക് ഏഴ് റണ്‍സകലെ പുറത്തായ ചേതേശ്വര്‍ പൂജാരയ്ക്ക് ശേഷം ഇരുവരുടെയും ബാറ്റിംഗ് മികവാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.   

click me!