Latest Videos

സിഡ്‌നി ടെസ്റ്റ് പിങ്കണിയും; കായികപ്രേമികളുടെ ഹൃദയം കീഴടക്കുന്ന കാരണമിതാണ്

By Web TeamFirst Published Jan 2, 2019, 9:07 PM IST
Highlights

സിഡ്നി ടെസ്റ്റിന് നാളെ തുടക്കമാകുമ്പോള്‍ സ്‌റ്റേഡിയം പിങ്ക് അണിയും. ഗ്ലെന്‍ മഗ്രാത്തിന്‍റെ ഭാര്യ ജെയിന്‍ മഗ്രാത്തിനോടുള്ള ആദരസൂചകമായും ഗ്ലെന്‍ മഗ്രാത്ത് ഫൗണ്ടേഷന്‍റെ ധനസമാഹരണത്തിനുമായാണ് പിങ്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നത്.

സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ അവസാന ടെസ്റ്റിന് നാളെ തുടക്കമാകുമ്പോള്‍ സിഡ്നി ക്രിക്കറ്റ് സ്‌റ്റേഡിയം പിങ്ക് അണിയും. പുതുവര്‍ഷത്തില്‍ സിഡ്‌നിയില്‍ നടക്കുന്ന 11-ാം 'പിങ്ക് ടെസ്റ്റ്' ആണ് നാളെ തുടങ്ങുന്നത്. ഓസീസ് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്‍റെ ഭാര്യ ജെയിന്‍ മഗ്രാത്തിനോടുള്ള ആദരസൂചകമായും ഗ്ലെന്‍ മഗ്രാത്ത് ഫൗണ്ടേഷന്‍റെ ധനസമാഹരണത്തിനുമായാണ് പിങ്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നത്.

അര്‍ബുദരോഗം മൂലം ജെയിന്‍ 2008ല്‍ വിടവാങ്ങിയിരുന്നു. തൊട്ടടുത്ത വര്‍ഷമാണ് പിങ്ക് ടെസ്റ്റിന് തുടക്കമായത്. മത്സരത്തില്‍ നിന്ന് ലഭിക്കുന്ന തുക സ്‌തനാര്‍ബുദ ബാധിതരെ സഹായിക്കുന്നതിനും അവരുടെ വിദ്യാഭ്യാസ ചിലവുകള്‍ക്കുമായാണ് ഉപയോഗിക്കുക. 2005ല്‍ ജെയിന് അര്‍ബുദം തിരിച്ചറിഞ്ഞതോടെയാണ് ഫൗണ്ടേഷന് മഗ്രാത്ത് തുടക്കമിട്ടത്. ഇതുവരെ 67000 കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഫൗണ്ടേഷനായി.

പിങ്ക് ടെസ്റ്റിന്‍റെ മൂന്നാം ദിനം 'ജെയിന്‍ മഗ്രാത്ത് ഡേ' എന്നാണ് അറിയപ്പെടുക. പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞ്ഞാവും ആരാധകര്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെത്തുക. മത്സരത്തിന് ഉപയോഗിക്കുന്ന സ്റ്റംപ് ഇതേ നിറത്തിലായിരിക്കും. സ്റ്റേഡിയത്തിലെ ലേഡീസ് സ്റ്റാന്‍ഡ് താല്‍ക്കാലികമായി 'ജെയിന്‍ മഗ്രാത്ത്  സ്റ്റാന്‍ഡ്' എന്ന് നാമകരണം ചെയ്യപ്പെടും. മൂന്നാംദിന മത്സരത്തിന് മുന്‍പ് ടീമുകള്‍ക്ക് മഗ്രാത്ത് പിങ്ക് ക്യാപ്പ് സമ്മാനിക്കും.

പിങ്ക് ടെസ്റ്റില്‍ ഇരു ടീമുകളും മുന്‍പ് ഏറ്റുമുട്ടിയപ്പോള്‍ ഓസ്‌ട്രേലിയ ഒരു തവണ വിജയിച്ചു. ഒരു മത്സരം സമനിലയിലായി. ഈ പരമ്പരയില്‍ 2-1ന് മുന്നിലാണ് നിലവില്‍ ഇന്ത്യ. സിഡ്‌നി ടെസ്റ്റില്‍ സമനില മാത്രംമതി ഇന്ത്യക്ക് ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര ജയം സ്വന്തമാക്കാന്‍.

 

click me!