സാധാരണഗതിയില്‍ ഓസ്ട്രേലിയന്‍ ടീം വിജയം ആഘോഷിക്കാനായി ഷാംപെയ്ൻ പൊട്ടിക്കുമ്പോള്‍ വേദിയില്‍ കയറാതെ മാറി നില്‍ക്കുകയാണ് ഖവാജ ചെയ്യാറുള്ളത്.
സിഡ്നി: ടെസ്റ്റ് കരിയറിലെ അവസാന മത്സരം കളിച്ച ഉസ്മാൻ ഖവാജയ്ക്കായി ആഷസ് വിജയം ആഘോഷിക്കാൻ ഷാംപെയ്ൻ ആഘോഷം ഒഴിവാക്കി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം. ഖവാജയെ ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാനാണ് ഓസീസ് ടീം പതിവ് ഷാംപെയ്ൻ ആഘോഷം വേണ്ടെന്ന് തീരുമാനിച്ചത്. പാകിസ്താൻ വംശജനും ഇസ്ലാം മതവിശ്വാസിയുമായ ഖവാജ മദ്യം ഉൾപ്പെടുന്ന ആഘോഷങ്ങളിലൊന്നും പങ്കെടുക്കാറില്ല.
2022ലെ ആഷസ് വിജയാഘോഷത്തിനിടെ ഖവാജയുടെ ദേഹത്ത് ഷാംപെയ്ൻ വീഴാതിരിക്കാൻ പാറ്റ് കമ്മിൻസ് ശ്രമിക്കുന്ന വീഡിയോ ക്രിക്കറ്റ് ലോകത്ത് വൈറലായിരുന്നു. ഷാംപെയ്ൻ കുപ്പികള്‍ മാറ്റിവെച്ചശേഷം ഖവായെയയും ടീമിനൊപ്പം വിജയം ആഘോഷിക്കാന്‍ കമിന്‍സ് ക്ഷണിക്കുന്നതായിരുന്നു ഈ വീഡിയോ.
സാധാരണഗതിയില്‍ ഓസ്ട്രേലിയന്‍ ടീം വിജയം ആഘോഷിക്കാനായി ഷാംപെയ്ൻ പൊട്ടിക്കുമ്പോള്‍ വേദിയില്‍ കയറാതെ മാറി നില്‍ക്കുകയാണ് ഖവാജ ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ വിജയം ആഘോഷിച്ചപ്പോള്‍ ഖവാജയോടുള്ള ആദരസൂചകമായി ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ഷാംപെയ്ൻ കുപ്പികൾ പൊട്ടിച്ചില്ല. ഇതോടെ ഖവാജ ടീമിലെ മറ്റ് അംഗങ്ങൾക്കൊപ്പം വേദിയിലേക്ക് കയറി ട്രോഫിയുമായി വിജയം ആഘോഷിക്കുകയും ചെയ്തു.
88 ടെസ്റ്റിൽ 6,229 റൺസെടുത്ത ഖവാജ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ പതിനഞ്ചാമത്തെ താരമാണ്. 39കാരനായ ഖവാജയുടെ അരങ്ങേറ്റവും വിരമിക്കലും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു. 2011 സിഡ്നിയില്‍ ഇംഗ്ലണ്ട് തന്നെയായിരുന്നു അരങ്ങേറ്റ മത്സരത്തിലും ഖവാജയുടെ എതിരാളികള്‍. വിടവാങ്ങൽ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 17ഉം രണ്ടാം ഇന്നിംഗ്സില്‍ ആറും റണ്‍സെടുത്ത് ഖവാജ പുറത്തായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഖവാജക്കായി ഇംഗ്ലണ്ട് താരങ്ങള്‍ ആദരസൂചകമായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ക്രീസിലേക്ക് വരവേറ്റത്. ആഷസില്‍ ഇംഗ്ലണ്ടിനെ 4-1ന് തകര്‍ത്താണ് ഓശ്ട്രേലിയ തുടര്‍ച്ചയായ അഞ്ചാം ആഷസ് വിജയം ആഘോഷിച്ചത്.


