രണ്ട് മാസം മുമ്പ് ഇതേ വേദിയില്‍ ഇന്ത്യൻ ജേഴ്സിയില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും നേർക്കുനേർ വരുന്ന മത്സരംകൂടിയാണിത്.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം, ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈയും മുന്‍ ചാമ്പ്യൻമാരായ ആര്‍സിബിയും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. രണ്ട് മാസം മുമ്പ് ഇതേ വേദിയില്‍ ഇന്ത്യൻ ജേഴ്സിയില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും നേർക്കുനേർ വരുന്ന മത്സരംകൂടിയാണിത്.

ഹ‍ർമൻപ്രീത് കൗർ നയിക്കുന്ന മുംബൈയിൽ മലയാളിതാരം സജന സജീവനും അമേലിയ കെറും ഹെയ്‌ലി മാത്യൂസും അമൻജോത് കൗറുമുണ്ട്. സ്മൃതി നയിക്കുന്ന ആർസിബിയിൽ അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാകർ, രാധാ യാദവ്, റിച്ച ഘോഷ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിന്‍റെ ആവേശം അടങ്ങും മുമ്പാണ് സ്മൃതിയും ഹര്‍മനും ഇത്തവണ നേര്‍ക്കുനേര്‍ വരുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

വനിതാ പ്രീമിയര്‍ ലീഗില്‍ കിരീടം മുംബൈയും ആര്‍സിബിയും മാത്രമാണ് ഇതുവരെ കിരീടം നേടിയ രണ്ട് ടീമുകള്‍. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്ക് ആര്‍സിബിക്ക് മേല്‍ നേരിയ മുൻതൂക്കമുണ്ട്. പരസ്പരം കളിച്ച ഏഴ് കളികളില്‍ നാലെണ്ണത്തില്‍ മുംബൈയും മൂന്നെണ്ണത്തില്‍ ആര്‍സിബിയും ജയിച്ചു.

ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ പിച്ച് ബാറ്റര്‍മാരെ തുണക്കുമെന്നാണ് കരുതുന്നത്. രണ്ടാം പകുതിയില്‍ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാല്‍ ടോസ് ജയിക്കുന്നവര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന 11 വനിതാ ഐപിഎല്‍ മത്സരങ്ങളില്‍ മൂന്ന് തവണ മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചത് എന്നതും ടോസ് നേടുന്നവര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനുള്ള കാരണമാകും.129 റണ്‍സാണ് 2024നുശേഷമുള്ള ഇവിടുത്തെ ശരാശരി സ്കോര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക